ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍നിന്ന് രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കെ മുഖംരക്ഷിക്കാന്‍ കള്ളക്കഥയുമായി ബി.ജെ.പി.
മൂന്ന് വര്‍ഷമായി കിടപ്പിലായ ബിധുന എം.എല്‍.എ വിനയ് ശക്യയും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. യു.പി മന്ത്രിയും ഒ.ബി.സി നേതാവുമായ സ്വാമി പ്രസാദ് മൗര്യയോടൊപ്പമാണ് ഇദ്ദേഹവും സഹോദരന്‍ ദേവേശ് ശക്യയും ബി.ജെ.പി വിട്ടത്.
ഇതിനു പിന്നാലെ കിടപ്പ് രോഗിയായ പിതാവ് വിനയ് ശക്യയെ തട്ടിക്കൊണ്ടുപോയാണ് രാജിവെപ്പിച്ചതെന്ന ആരോപണവുമായി മകള്‍ രംഗത്തുവന്നു.
എന്നാല്‍ ഇട്ടാവയിലെ വീട്ടില്‍ കട്ടിലില്‍ കിടക്കുന്ന ദൃശം നല്‍കിയാണ് ഇതിന് വിനയ് ശക്യ മറുപടി നല്‍കിയത്. കട്ടിലില്‍ അമ്മയും ഇരിക്കുന്നുണ്ട്. മകള്‍ പറഞ്ഞതില്‍ ഒട്ടും വാസ്തവമില്ലെന്ന് വിനയ് ശക്യ പ്രസ്താവനയില്‍ പറഞ്ഞു.
പിതാവ് പക്ഷാഘാതം ബാധിച്ച് വര്‍ഷങ്ങളായി തളര്‍ന്ന് കടിപ്പിലാണെന്നും ബലംപ്രയോഗിച്ചാണ് ലഖ്‌നൗവിലേക്ക് കൊണ്ടുപോയതെന്നു മകള്‍ റിനാ ശക്യ ആരോപിച്ചിരുന്നു. തങ്ങള്‍ ബി.ജെ.പിയില്‍ ഉറച്ചുനില്‍ക്കുന്നവരാണെന്നും അച്ഛന് അസുഖമായപ്പോള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രാണ് തിരിഞ്ഞുനോക്കിയതെന്നും റിന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി ജില്ലാ പോലീസ് മേധാവി രംഗത്തുവന്നതും ബി.ജെ.പിക്ക് നാണക്കേടായി.