Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയ വേദിയിലെ അടിയൊഴുക്കുകൾ

മലബാർ രാഷ്ട്രീയത്തെ വരുതിയിലാക്കേണ്ടത് ഇരുമുന്നണികൾക്കും പ്രധാനമാണെന്നിരിക്കേ ഇടതുപക്ഷത്തിന്റെ പുതിയ തന്ത്രങ്ങളും യു.ഡി.എഫിന്റെ ചെറുത്തു നിൽപുകളും തുടർന്നുകൊണ്ടേയിരിക്കും. സി.പി.എം ദീർഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളാണ് മലബാറിൽ പയറ്റുന്നത്. ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് ആകട്ടെ, കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാനുള്ള പ്രതിരോധങ്ങൾ പണിയുന്ന തിരക്കിലാണ്.

കണ്ണൂർ, മലപ്പുറം, കോട്ടയം..ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരം കഴിഞ്ഞാൽ കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ജില്ലകളാണ് ഈ മൂന്നെണ്ണം. മുന്നണി രാഷ്ട്രീയത്തിൽ ഇരുപക്ഷത്തിന്റെയും സാധ്യതകളെ നിലനിർത്തുന്ന ജില്ലകൾ. കണ്ണൂരിൽ ഇടതുമുന്നണിയും മലപ്പുറത്ത് വലതുമുന്നണിയും കാര്യങ്ങൾ തീരുമാനിക്കുന്നതായിരുന്നു അടുത്ത കാലം വരെയുള്ള കേരള രാഷ്ട്രീയ ചിത്രം. കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്താകട്ടെ, രാഷ്ട്രീയക്കാറ്റ് മാറിയും മറിഞ്ഞുമിരിക്കുന്നു. മലബാർ രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കുന്ന കണ്ണൂർ, മലപ്പുറം ജില്ലകളിലും മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതോടെ സി.പി.എമ്മിന് കടുത്ത വെല്ലുവിളിയാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്ന് ശക്തമായ എതിർപ്പുകൾ ഉയരുന്നത് കണ്ണൂരിൽ നിന്നാണ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്ന ചെറുത്തു നിൽപുകൾ പ്രതിപക്ഷത്തിന് പുതിയ ഊർജം നൽകുന്നുണ്ട്. കേരള രാഷ്ട്രീയത്തിന്റെ പാഠശാലയായ കണ്ണൂരിൽ ഇരുപക്ഷത്തും നേതാക്കൾക്ക് പഞ്ഞമില്ല എന്നതാണ് പ്രധാനം.


മലപ്പുറത്താകട്ടെ, രാഷ്ട്രീയ ചിത്രം മാറ്റത്തിന്റെ പാതയിലാണ്. ഇടതു സർക്കാർ തുടർച്ചയായി അധികാരത്തിലെത്തിയത് കനത്ത തിരിച്ചടി നൽകിയിരിക്കുന്നത് മുസ്‌ലിം ലീഗിനാണ്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന കണക്കുകൂട്ടലിൽ പാർട്ടിയുടെ പ്രമുഖ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർക്കുണ്ടായ പ്രതീക്ഷകൾ അസ്ഥാനത്തായി. ഭരണം ലഭിക്കാതിരുന്നത് പാർട്ടിയുടെ അടിത്തറയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രണ്ടു പതിറ്റാണ്ടായി മലപ്പുറം ജില്ലയിൽ ഇടതുമുന്നണി നടപ്പാക്കുന്ന അടവു നയം മുസ്‌ലിം ലീഗിനെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചിട്ടുള്ളത്. നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിച്ചിരുന്ന കാലം ഇനി തിരിച്ചു വരണമെന്നില്ല. ലീഗ് വിരുദ്ധ വോട്ടുകളെ വരുതിയിലാക്കാൻ പാർട്ടി നയങ്ങൾ മാറ്റിവെച്ച് ഇടതുപക്ഷ പാർട്ടികൾ സ്വീകരിച്ച അടവു നയം മലപ്പുറത്ത് അവർക്ക് ഗുണം ചെയ്തുവെന്നത് കഴിഞ്ഞ കാലങ്ങളിൽ വ്യക്തമായതാണ്. പാർട്ടി നേതാക്കളെ മാറ്റിനിർത്തി പൊതുസമ്മതരായവരെ മൽസരിപ്പിച്ച് മുസ്‌ലിം വിഭാഗത്തിലെ വോട്ടുകളെ ഭിന്നിപ്പിച്ചു വിജയം നേടുന്ന തന്ത്രം ഇടതുപക്ഷത്തിന് മലപ്പുറത്ത് ഏറെ സഹായകമായി. ലീഗിന്റെ വോട്ടുബാങ്കായ ഇ.കെ സുന്നി വിഭാഗങ്ങൾക്കിടയിൽ മാനസാന്തരമുണ്ടാക്കാനും ഇടതുതന്ത്രം സഹായിച്ചിട്ടുണ്ട്.

വഖഫ് ബോർഡ് പ്രശ്‌നത്തിൽ ലീഗ് നിലപാടിനെതിരെ സമസ്ത സ്വീകരിച്ച നയം ഒരു സുപ്രഭാതത്തിലുണ്ടായ നയം മാറ്റമല്ല. രണ്ടു പതിറ്റാണ്ട#ുകളായി സുന്നി വിഭാഗങ്ങൾക്ക് കൂടി സ്വീകാര്യമായ രാഷ്ട്രീയ നിലപാടുകളാണ് ഇടതുപക്ഷം മലപ്പുറത്ത് സ്വീകരിച്ചു വന്നത്. അവർക്ക് കൂടി അഭിമതരായവരെ മൽസരിപ്പിച്ച് വിജയിപ്പിക്കുകയും ഇടതുപക്ഷത്തിനും സുന്നി വിഭാഗത്തിനും ഇടയിലുള്ള പാലമായി ആ വിജയികളെ ഉപയോഗപ്പെടുത്തുകയുമാണ് സി.പി.എം ചെയ്തുവന്നത്. മുൻമന്ത്രി കെ.ടി.ജലീലും ഇപ്പോഴത്തെ മന്ത്രി വി. അബ്ദുറഹ്മാനുമെല്ലാം അത്തരം പാലമായാണ് പ്രവർത്തിക്കുന്നത്. പള്ളികൾ വഖഫ് നിയമന വിരുദ്ധ സമരത്തിന് വേദിയാക്കില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പ്രസ്താവിച്ചതോടെ മന്ത്രി അബ്ദുറഹ്മാൻ അദ്ദേഹത്തെ കാണാനെത്തി അഭിനന്ദിക്കാൻ തയാറായതും മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും തന്ത്രത്തിന്റെ ഭാഗമായിരുന്നു. തനിക്ക് ഭീഷണിയുണ്ടായെന്ന് ജിഫ്രി തങ്ങൾ വെളിപ്പെടുത്തിയപ്പോൾ മന്ത്രി അബ്ദുറഹ്മാൻ അദ്ദേഹത്തെ കാണാൻ പുറപ്പെട്ടതാണ്. എന്നാൽ ഇനിയും വെളിപ്പെടാത്ത കാരണത്താൽ ആ സന്ദർശനം മന്ത്രി തന്നെ റദ്ദാക്കുകയുമുണ്ടായി. 


മുസ്‌ലിം ലീഗിന്റെ വോട്ട് ബാങ്ക് ചോർത്തുന്നതോടൊപ്പം എ.പി വിഭാഗത്തെ രാഷ്ട്രീയമായി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും  സി.പി.എമ്മിന്റെ ഭാഗത്തു നിന്ന് നടന്നു വരുന്നുണ്ട്. കേരള മുസ്‌ലിം ജമാഅത്തിനെ മലബാറിൽ പുതിയ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള ഒത്താശകൾ സി.പി.എം നൽകി വരുന്നുണ്ട്. മുസ്‌ലിം ലീഗിന് പുറമെ, ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള മുസ്‌ലിം വിഭാഗങ്ങളെ തളർത്തുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.


കണ്ണൂരിൽ സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശ്രമിക്കുമ്പോൾ മലപ്പുറത്ത് ലീഗിനെ ദുബലമാക്കാൻ സി.പി.എം തന്ത്രങ്ങൾ മാറ്റിമാറ്റി പയറ്റുന്നുവെന്നതാണ് ഇപ്പോഴത്തെ മലബാർ രാഷ്ട്രീയ ചിത്രം. കണ്ണൂരിൽ കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് നടത്തുന്ന ചെറുത്തു നിൽപിന് യു.ഡി.എഫിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നതാണ് ഇടതുമുന്നണിക്ക് അനുഗ്രഹമാകുന്നത്. കണ്ണൂരിലെ കോൺഗ്രസ്-സി.പി.എം.നേതാക്കൾ തമ്മിലുള്ള പാക്‌പോരായി കെ റെയിൽ ചർച്ചകൾ മുന്നോട്ടു പോകുകയാണ്. സർവേ കല്ലുകൾ പിഴിതെറിയുമെന്ന് സുധാകരൻ വെല്ലിവിളിച്ചപ്പോൾ സുധാകരന്റെ പല്ല് സുരക്ഷിതമാക്കണമെന്നായിരുന്നു സി.പി.എം നേതാവ് ജയരാജന്റെ മറുപടി. എതിർപ്പുകളെ അക്രമത്തിലൂടെയും നേരിടുമെന്ന സി.പി.എമ്മിന്റെ നയമാണ് ജയരാജന്റെ പ്രസ്താവനയിലുള്ളത്. കണ്ണൂരിലെ യൂത്ത് കോൺഗ്രസാകട്ടെ, അതേ നാണയത്തിലാണ് ജയരാജന് മറുപടി നൽകിയത്. പല്ലിന്റെ എണ്ണം കുറഞ്ഞാൽ ജയരാജന്റെ എല്ലിന്റെ എണ്ണം കൂടുമെന്ന പരമ്പരാഗത കണ്ണൂർ ശൈലിയിൽ തന്നെയാണ് യൂത്ത് കോൺഗ്രസ് തിരിച്ചടിച്ചിട്ടുള്ളത്. കെ റെയിൽ സർവേ കല്ല് പിഴുതെറിഞ്ഞതിന് കേസെടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയതും സംഘർഷമുണ്ടായതും സമരത്തിലെ ഒടുവിലത്തെ സംഭവങ്ങളാണ്. കെ റെയിൽ ചർച്ചകൾ കണ്ണൂരിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ ചർച്ചകളെ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. 


മുസ്‌ലിം ലീഗിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘടനാ ദൗർബല്യം മലപ്പുറത്ത് യു.ഡി.എഫിന് താൽക്കാലികമായെങ്കിലും തളർച്ചയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ഫോർമുലയുടെ ഭാഗമായി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് കൊണ്ടുവന്ന താൽക്കാലിക മാറ്റം ഇപ്പോഴും തുടരുകയാണ്. അഡ്വ.പി.എം.എ. സലാമിന് ഇപ്പോഴും ആക്ടിംഗ് പദവിയാണുള്ളത്. അദ്ദേഹത്തെ ആ സ്ഥാനത്ത് സ്ഥിരപ്പെടുത്താനോ പുതിയ ആളെ കണ്ടെത്താനോ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അതു സംബന്ധിച്ച് ചർച്ച നടത്തുന്നതു തന്നെ വലിയ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചികിൽസയിൽ കഴിയുന്നതും പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി പദവിയിലേതു പോലെ പ്രസിഡന്റ സ്ഥാനത്ത് താൽക്കാലിമായി മറ്റാരെയെങ്കിലും ചുമതലയേൽപിക്കേണ്ടത് മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾ സജീവമാകാൻ അത്യാവശ്യമാണ്.


മലബാർ രാഷ്ട്രീയത്തെ വരുതിയിലാക്കേണ്ടത് ഇരുമുന്നണികൾക്കും പ്രധാനമാണെന്നിരിക്കേ ഇടതുപക്ഷത്തിന്റെ പുതിയ തന്ത്രങ്ങളും യു.ഡി.എഫിന്റെ ചെറുത്തു നിൽപുകളും തുടർന്നുകൊണ്ടേയിരിക്കും. സി.പി.എം ദീർഘവീക്ഷണത്തോടെയുള്ള തന്ത്രങ്ങളാണ് മലബാറിൽ പയറ്റുന്നത്. ഭരണം നഷ്ടപ്പെട്ട യു.ഡി.എഫ് ആകട്ടെ, കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാനുള്ള പ്രതിരോധങ്ങൾ പണിയുന്ന തിരക്കിലാണ്.
 

Latest News