ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് വാട്ടര്‍ ടാങ്കില്‍ എറിഞ്ഞുകൊന്നു. ബാഗ്പത്ത് കലാഞ്ജരയിലെ കേശവിന്റെ മൂന്ന് മാസം പ്രായമായ മകന്‍ പ്രിന്‍സിനെ വീട്ടിനകത്തെ മുറിയില്‍ കട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു. രാത്രി 12 മണിയോടെ മുറിയില്‍ പ്രവേശിച്ച കുരങ്ങ് കുഞ്ഞിനെ കൊണ്ടുപോയെന്നാണ് കരുതുന്നത്. മുറിയില്‍ ബന്ധുക്കള്‍ ഉറങ്ങുന്നുണ്ടായിരുന്നുവെങ്കിലും ആരും അറിഞ്ഞില്ല. ഏറെ നേരത്തെ തെരച്ചിലിനുശേഷമാണ് വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് കുഞ്ഞിന്റെ വീടിനു സമീപം തട്ടിച്ചുകൂടിയ നാട്ടുകര്‍ കുരങ്ങ് ശല്യത്തെ കുറിച്ച് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചു.