ജറൂസലം-യേശു ക്രിസ്തുവിനെ അടക്കം ചെയ്ത ശേഷം ഉയിര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്ന ജറുസലമിലെ പ്രശസ്തമായ വിശുദ്ധ ശവക്കല്ലറ അടച്ചിട്ട് പ്രതിഷേധിക്കാന്‍ ഇസ്രായിലിലെ ക്രൈസ്തവ സഭകളുടെ നേതാക്കള്‍ തീരുമാനിച്ചു. ജറൂസലമില്‍നിന്ന് ക്രിസ്ത്യാനികളെ തുരത്താനുള്ള ഇസ്രായിലിന്റെ നീക്കങ്ങളിലുള്ള കടുത്ത പ്രതിഷേധത്തിന്റെ ഭാഗമായാണ് ക്രിസ്ത്രീയ സഭ ആഗോള ക്രിസ്ത്യന്‍ വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ചര്‍ച്ച് അടച്ചിട്ടിരിക്കുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍ അപ്പോസ്റ്റോലിക്, കത്തോലിക്ക സഭാ നേതാക്കളാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രായില്‍ ഏര്‍പ്പെടുത്താനിരിക്കുന്ന നികുതികള്‍ ജറുസലമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്നും ഇവര്‍ ആരോപിച്ചു.
ചര്‍ച്ചുകളില്‍നിന്ന് ഭൂമി നികുതി പിരിവ് ഇസ്രായില്‍ ഊര്‍ജ്ജിതപ്പെടുത്തിയിരിക്കുകയാണ്. ചര്‍ച്ച് ഭൂമികളെ വാണിജ്യ ഗണത്തിലാണ് ഇസ്രായില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരാധനാ സ്ഥലങ്ങളും മതപഠന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് നികുതി ഇളവ് നല്‍കുന്നതെന്ന് ഇസ്രയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ ചര്‍ച്ചിന്റെ സ്വത്തുക്കളിന്മേലുള്ള അവകാശം തട്ടിയെടുക്കാന്‍ ഇസ്രായില്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ക്രിസ്തീയ സഭാ നേതാക്കള്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ബില്‍ മന്ത്രിസഭാ സമതി അംഗീകരിച്ചാല്‍ ചര്‍ച്ചുകളുടെ ഭൂമി പിടിച്ചെടുക്കല്‍ സാധ്യമാകുമെന്നും അവര്‍ പറയുന്നു. യൂറോപ്പിലെ ഇരുണ്ട കാലത്ത് ജൂതര്‍ക്കെതിരെ നടപ്പാക്കിയ നിയമങ്ങളെയാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്നും സഭകള്‍ ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തീര്‍ത്ഥാടകരും ടൂറിസ്റ്റുകളും വന്നു കൊണ്ടിരിക്കെയാണ് വിശുദ്ധ ശവക്കല്ലറ എന്നറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രം അപ്രതീക്ഷിതമായി അടച്ചിട്ടത്.