ന്യൂദല്‍ഹി- 98 കോടിയോളം രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയ രാജ്യത്തെ മുന്‍നിര പഞ്ചസാര ഫാക്ടറികളിലൊന്നായ സിംഭോളി ശുഗേഴ്‌സ് ലിമിറ്റഡിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ മരുമകനും കമ്പനിയുടെ ഡെപ്യുട്ടി ജനറല്‍ മാനേജരുമായ ഗുര്‍പാല്‍ സിങും പ്രതി.
ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിലെ രണ്ട് വായ്പാ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 2015-ല്‍ തട്ടിപ്പാണെന്നു തെളിഞ്ഞ 97.85 കോടി രൂപയുടെ വായ്പയും മുന്‍ വായ്പ തിരിച്ചടക്കാന്‍ എടുത്ത 110 കോടി രൂപയുടെ കോര്‍പറേറ്റ് വായ്പാ ഇടപാടുകളാണ് അന്വേഷിക്കുന്നത്. രണ്ടാമത്തെ വായ്പ 2016-ല്‍ കിട്ടാക്കടമായി പ്രഖ്യാപിച്ചിരുന്നു. 2017 നവംബറിലാണ് ഇതു സംബനധിച്ച് ബാങ്ക് സിബിഐക്ക് പരാതി നല്‍കിയത്. എന്നാല്‍ ഫെബ്രുവരി 22-നാണ് സിബിഐ കേസെടുത്തത്.
ഗുര്‍പാല്‍ സിങിനെ കുടാതെ മറ്റു 12 പേര്‍ക്കെതിരേയും കേസുണ്ട്. സിംഭോളി ശുഗേഴ്‌സ് ചെയര്‍മാന്‍ ഗുര്‍മിത് സിങ് മാന്‍, സിഇഒ ജിസിഎസ് റാവു, സിഎഫ്ഒ സജ്ഞയ് താപ്രിയ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗുര്‍സിമ്രാന്‍ കൗര്‍ മാന്‍ എന്നിവരടക്കമുള്ള കമ്പനി ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരുമാണ് പ്രതികള്‍.
ഫാക്ടറി ഉടമകളുടെ വീടുകള്‍ ഉള്‍പ്പെടെ എട്ടിടത്ത് സിബിഐ റെയ്ഡ് നടത്തി. കമ്പനിയുടെ ദല്‍ഹി, ഹപൂര്‍, നോയ്ഡ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ ഞായറാഴ്ചയാണ് തിരച്ചില്‍ നടത്തിയത്.