പനജി- നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഗോവയില്‍ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോര്‍ച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനന്‍ ടില്‍വേ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.
പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനന്‍ ടില്‍വേയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. ഇന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബി.ജെ.പിയുടെ നിയമസഭാ അംഗബലം 24 ആയി.