തിരുവനന്തപുരം- സില്‍വര്‍ലൈന്‍ പാതയുടെ ഘടനയില്‍ മാറ്റം വരുന്നതിന് സാധ്യത. ഭൂമി ഏറ്റെടുക്കലിന്റെ സര്‍വേ പൂര്‍ത്തിയാക്കാതെ വിശദമായ പദ്ധതി റിപ്പോര്‍ട്ട്(ഡി.പി.ആര്‍.) തയ്യാറാക്കിയതിനാലാണ് ഇങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടായത്. മൂന്ന് പഠനങ്ങളാണ് കെറെയില്‍ നടത്തിയത്. മൂന്നിലും പാതയുടെ ഘടന മൂന്നുവിധമാണ്. അതിനാല്‍ ഭൂമിയുടെ അന്തിമ സര്‍വേ റവന്യൂ വിഭാഗം പൂര്‍ത്തിയാക്കുമ്പോള്‍ ഇനിയും മാറ്റം വന്നേക്കാമെന്ന ആശങ്ക ബാക്കിയാണ്. ഇതിനകം തയ്യാറാക്കിയ മൂന്ന് പദ്ധതി റിപ്പോര്‍ട്ടുകളിലും മേല്‍പ്പാലം, സാധാരണതറയില്‍ ഉറപ്പിച്ച പാതയുടെ ദൂരം എന്നിവയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. 2019 മാര്‍ച്ചില്‍ തയ്യാറാക്കിയ പ്രാഥമിക രൂപരേഖയില്‍ പാത കടന്നുപോകുന്നത് 68.4 ശതമാനവും പാലം, തൂണിലെ ആകാശപ്പാലം എന്നിവയിലൂടെയായിരുന്നു. 17 ശതമാനം പാളമാണ് സാധാരണ നിരപ്പിലൂടെ പോയിരുന്നത്. അതേവര്‍ഷം മേയില്‍ അന്തിമരൂപരേഖ തയ്യാറാക്കിയപ്പോള്‍ 44.48 ശതമാനം പാതയും സാധാരണ ഭൂനിരപ്പിലൂടെയായി. 2020ല്‍ വിശദ റിപ്പോര്‍ട്ടില്‍ ഇത് 55 ശതമാനമായി കൂടി. ആകാശപാത അതനുസരിച്ച് കുറഞ്ഞും വന്നു.