ലഖ്‌നൗ- ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ 80 ഉം 20 ഉം തമ്മിലുള്ള പോരോട്ടാമായി വിശേഷിപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വകാര്യ വാര്‍ത്താ ചാനല്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദുക്കളുടേയും മുസ്്‌ലിംകളുടേയും ജനസംഖ്യയെ സൂചിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്തെ ഹിന്ദു-മുസ്്‌ലിം ജനസംഖ്യയെ കുറിച്ച് യോഗിയുടെ പ്രസ്താവന.
യു.പിയിലെ ബ്രാഹ്‌മണ വോട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പോരാട്ടം വളരെ മുന്നിലെത്തിയെന്നും പോരാട്ടം ഇപ്പോള്‍ 80 ഉം 20ഉം തമ്മിലാണെന്നും യോഗി പറഞ്ഞു. 19 ശതമാനമാണെന്നാണല്ലോ ആള്‍ ഇന്ത്യാ മജ്്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് ഉവൈസി പറയുന്നതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു.
ദേശീയതയേയും നല്ല ഭരണത്തേയും വികസനത്തേയും പിന്തുണക്കുന്നവരാണ് 80 ശതമാനം. അവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ഇതിനെതിരുനില്‍ക്കുന്ന മാഫിയകളും ക്രിമിനലുകളും കര്‍ഷക, ഗ്രാമ വിരുദ്ധരുമാണ് 15-20 ശതമാനം. ഇവര്‍ വേറെ വഴി സ്വീകരിക്കും. അതുകൊണ്ടാണ് പോരാട്ടം 80 ഉം 20 ഉം തമ്മിലാകുന്നത്. താമര വഴി കാണിക്കുമെന്നും ബി.ജെ.പിയുടെ ചിഹ്നത്തെ സൂചിപ്പിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.