ബഗ്ദാദ്- ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ പ്രവർത്തിച്ച കുറ്റത്തിന് പിടിയിലായ 15 തുർക്കി വനിതകൾക്കു ഇറാഖി ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഒരു വനിതയ്ക്ക് ജീവപര്യന്തം തടവും വിധിച്ചു. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചതായും കോടതി അധികൃതർ അറിയിച്ചു. ഐഎസ് ഭീകരരും അവരുടെ ബന്ധുക്കളുമെന്ന് സംശയിക്കുന്ന 560 സ്ത്രീകളേയും 600 കൂട്ടികളേയും ഇറാഖി അധികൃതർ പിടികൂടിയിട്ടുണ്ട്. ഇവരുടെ വിചാരണ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ്. ഈ മാസം ആദ്യം മറ്റൊരു തുർക്കി വനിതയ്ക്ക് സമാന കുറ്റത്തിന് വധ ശിക്ഷ വിധിച്ചിരുന്നു. ഇസ്ലാമിക സ്‌റ്റേറ്റ് ഭീകരരെ സഹായിച്ച കുറ്റത്തിന് പിടിയിലായ ഒരു ജർമ്മൻ വനിതയേയും ജനുവരിയിൽ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
ഈ വിധി അനീതിയാണെന്നാണ് ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചത്. ഇറാഖിലെ വടക്ക്, പടിഞ്ഞാറ് നഗരങ്ങളിൽ പിടിമുറുക്കിയിരുന്ന ഇസ്ലാമി സ്‌റ്റേറ്റ് ഭീകരരെ തുരത്തിയ ഇറാഖ് സേന ഡിസംബറിലാണ് ഐഎസിനെ തോൽപ്പിച്ച് ഈ മേഖലകൾ തിരിച്ചു പിടിച്ചതായി പ്രഖ്യാപിച്ചത്. ഐഎസ് ബന്ധത്തിന്റെ പേരിൽ 20,000 ഓളം പേരെ ഇറാഖി അധികൃതർ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദേശികൾ ഉൾപ്പെടെ 4000ഓളം ഐഎസ് ഭീകരരെ ജയിലിലടച്ചിട്ടുണ്ടെന്ന് ഇറാഖി കുർദിസ്ഥാൻ അധികൃതരും പറയുന്നു. ഭീകരാക്രമണത്തിൽ പങ്കെടുത്തില്ലെങ്കിലും ഐഎസിനെ സഹായിച്ചവർക്ക് വധ ശിക്ഷയാണ് ഇറാഖിലെ പുതിയ ഭീകരവിരുദ്ധ നിയമം അനുശാസിക്കുന്നത്.