പാരിസ്- ഫ്രാന്‍സില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പുതിയ നിയമം കൊണ്ടു വരാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തുടനീളം ലക്ഷത്തിലേറെ പേര്‍ അണി നിരന്ന വന്‍ പ്രതിഷേധം അരങ്ങേറി. വാക്‌സിന്‍ കുത്തിവെപ്പെടുക്കാത്തവര്‍ക്കെതിരെ പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. വാക്‌സിന്‍ എടുക്കാത്തവരുടെ അവകാശങ്ങള്‍ ഹനിക്കുന്നത് അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനും യാത്ര ചെയ്യുന്നതിനും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയ്‌നുകളില്‍ യാത്ര ചെയ്യുന്നതിനും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് പൂര്‍ണമായി വാക്‌സിനെടുത്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച നിയമം പണിപ്പുരയിലാണ്.
ശനിയാഴ്ച ഫ്രാന്‍സില്‍ മൂന്ന് ലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ആശുപത്രികളും നിറഞ്ഞു കവിയുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.