റിയാദ്- സൗദി അറേബ്യയില്‍ നിര്‍ത്തിവെച്ച പ്രൊഫഷന്‍ മാറ്റം താല്‍ക്കാലികമായി പുനരാരംഭിച്ചുവെന്നും രണ്ടു മാസം പ്രൊഫഷന്‍ മാറ്റം അനുവദിക്കുമെന്നും സമൂഹ മാധ്യമങ്ങളല്‍ വ്യാപക പ്രചാരണം. എന്നാല്‍ ഇക്കാര്യം തൊഴില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവെച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യമേഖലയില്‍ പരമാവധി സ്വദേശികള്‍ക്ക് ഇടം നല്‍കി സൗദി വിപണി ക്രമീകരിക്കുന്നതിന് വേണ്ടിയാണ് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ ഈ തീരുമാനത്തില്‍നിന്ന് മന്ത്രാലയം താല്‍ക്കാലികമായി പിറകോട്ട് പോയെന്നും രണ്ട് മാസം കൂടി പ്രൊഫഷന്‍ മാറ്റം അനുവദിച്ചെന്നുമായിരുന്നു പ്രചാരണം. ഉടന്‍ തന്നെ തൊഴില്‍ മന്ത്രാലയത്തെ സമീപിക്കണമെന്ന ആഹ്വാനത്തോടെയാണ് മന്ത്രാലയത്തിന്റെ എംബ്ലം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.
സൗദിയില്‍ വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റിനല്‍കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിലാണ് നിര്‍ത്തിവെച്ചത്. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇക്കാലമത്രയും മറ്റു പ്രൊഫഷനുകളിലുള്ള വിസകളില്‍ സൗദിയിലെത്തുന്ന വിദേശികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് പ്രൊഫഷന്‍ മാറ്റുകയാണ് ചെയ്തിരുന്നത്.
സൗദിയിലെ തൊഴില്‍ നിയമം അനുസരിച്ച് ഇഖാമയില്‍ രേഖപ്പെടുത്തിയ പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളില്‍ വിദേശികള്‍ ഏര്‍പ്പെടുന്നത് നിയമ ലംഘനമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രൊഫഷനുകളിലുള്ള വിസകള്‍ പലപ്പോഴും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലെല്ലാം കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തുകൊണ്ടുവന്ന ശേഷം പ്രൊഫഷന്‍ മാറ്റുകയാണ് സ്ഥാപനങ്ങളും തൊഴിലാളികളും ചെയ്തിരുന്നത്.