പട്‌ന- ഒരു വര്‍ഷത്തിനിടെ 11 തവണ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത 84കാരനെതിരെ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനയ് കൃഷ്ണ പ്രസാദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. മധേപുര ജില്ലക്കാരനായ പ്രതി ബ്രഹ്‌മദേവ് മണ്ഡലിനെ ഉടന്‍ അറസ്റ്റ് ചെയ്യും. വഞ്ചന, ആള്‍മാറാട്ടം, പൊതു ഉത്തരവിന്റെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്. എന്നാല്‍ പ്രായം കണക്കിലെടുത്ത് ബ്രഹ്‌മദേവിന് ജാമ്യം ലഭിച്ചേക്കാം.
12ാം തവണ വാക്‌സിന്‍ കുത്തിവെപ്പിനായി എത്തിയപ്പോഴാണ് ബ്രഹ്‌മദേവ് പിടിയിലായത്. ആധാര്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഉപയോഗിച്ചാണ് 11 തവണ നേരത്തെ കുത്തിവെപ്പെടുത്തത്. ഇതുപയോഗിച്ച് വീണ്ടും കുത്തിവെപ്പിനായി എത്തിയപ്പോള്‍ സംശയം തോന്നിയ ആരോഗ്യപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. 11 കുത്തിവെപ്പെടുത്ത തനിക്ക് പല രോഗങ്ങളും സുഖപ്പെട്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു. പോസ്റ്റല്‍ വകുപ്പില്‍ നിന്ന് വിരമിച്ച മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് ബ്രഹ്‌മദേവ്.