ഒരു കാലത്ത് ഭീതിദമായ രീതിയിൽ ആഫ്രിക്കൻ രാജ്യങ്ങളെ വേട്ടയാടിയിരുന്ന എച്ച്.ഐ.വി ഉൾപ്പെടെയുള്ള രോഗങ്ങളെ ബോട്‌സ്വാനയിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള കഠിന പ്രയത്‌നത്തിന്റെ ചരിത്രത്തിൽ ഡോ. മിനിയുടെ പേര് ആതുരസേവന ഭൂപടത്തിൽ തിളങ്ങി നിൽക്കുന്നു.
തെക്കെ ആഫ്രിക്കയിലെ ഏറ്റവും സുരക്ഷിതരാജ്യമായ ബോട്‌സ്വാന റിപ്പബ്ലിക്കിൽ (ജനസംഖ്യ 22.5 ലക്ഷം ) രോഗ പ്രതിരോധത്തിന്റേയും ജീവകാരുണ്യത്തിന്റേയും മേഖലയിൽ ഒരു പതിറ്റാണ്ടിലേറെയായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരികയാണ് തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി സജിനി സൗദ എന്ന ഡോ. മിനി.
ഒരു കാലത്ത് എയിഡ്‌സ് ഉൾപ്പെടെയുള്ള മാരകരോഗങ്ങളുടെ പിടിയിലമർന്നിരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അവ തുടച്ചുനീക്കുന്നതിനും അതിന്റെ വൈറസ് വ്യാപനത്തെ ചെറുക്കുന്നതോടൊപ്പം പ്രതിരോധത്തിനുള്ള ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനും ഐക്യരാഷ്ട സഭയുടേയും ലോകാരോഗ്യ സംഘടനയുടേയും സഹകരണത്തോടെ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായാണ് ഡോ. മിനിയും ഈ രംഗത്തേക്ക് തന്റെ ദൗത്യവുമായി ധീരമായി കടന്നു വന്നത്.
ഏറെ എതിർപ്പുകൾ അവർക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വന്നു. നിരന്തരമായ ഇടപെടലുകളും സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ കർക്കശമായ ശാസനകളും വേണ്ടി വന്നു പകർച്ച വ്യാധികൾക്കെതിരായ ക്യാമ്പയിൻ ഏതാണ്ട് വിജയത്തിലെത്താനെന്ന് ഡോ. മിനി പറഞ്ഞു.
ബോട്‌സ്വാന റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ഗാബറോണിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് കെയർ വിഭാഗത്തിലാണ് ഡോ. മിനി ജോലി ചെയ്ത് വരുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഗവേഷണ കോഴ്‌സ് പൂർത്തിയാക്കിയ ശേഷമാണ് ഇവർ ആഫ്രിക്കൻ രാജ്യങ്ങളായ നമീബിയ, ടാൻസാനിയ, ബോട്‌സ്വാന തുടങ്ങിയ രാജ്യങ്ങളിലേക്ക് ആതുരസേവനത്തിനായി നിയോഗിക്കപ്പെട്ടത്.
ഡോ. മിനിയും കുടുംബവും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പാസായ ഡോ. മിനി തിരുവനന്തപുരം ഇ.എസ്.ഐ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് ചികിൽസാ ചരിത്രത്തിൽ നൂതനാധ്യായം രചിക്കാൻ തെക്കെ ആഫ്രിക്കയിലെത്തിയത്.
ഡോ. മിനി എത്തുന്നതിനു പത്ത് വർഷം മുമ്പ് ഭർത്താവ് കാഞ്ഞിരപ്പള്ളി സ്വദേശി പി.സി ഹാരി ആഫ്രിക്കയിലുണ്ടായിരുന്നു. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്ന് ബിരുദവും ഗോരഖ്പൂർ ഐ.ഐ.ടിയിൽ നിന്ന് മാസ്റ്റർ ബിരുദവുമെടുത്ത ശേഷം ബോട്‌സ്വാന ഗവൺമെന്റിന്റെ കീഴിൽ ജ്വനെംഗ് എന്ന സ്ഥലത്തെ മൈനിംഗ് സിറ്റിയിൽ എൻജിനീയറായി സേവനമനുഷ്ഠിക്കുകയായിരുന്നു ഹാരി. ഇന്ത്യയും ബോട്‌സ്വാനയും സൈനികമേഖലയിൽ ഉഭയകക്ഷിബന്ധവും പട്ടാള വിനിമയവും നിലനിന്നിരുന്നതിനാൽ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള പദ്ധതിയിലേക്കുള്ള നേരിട്ട നിയമനമായിരുന്നു ഹാരിയുടേത്. ഇപ്പോഴും അതേ കമ്പനിയിലെ എൻജിനീയറാണ് ഹാരി. ആയിരത്തിനു താഴെ മലയാളികൾ മാത്രമുള്ള ബോട്‌സ്വാനയിലെ കേരള സമാജം സെക്രട്ടറിയുമായിരുന്നു അടുത്തകാലം വരെ ഹാരി.
ഹാരി - മിനി ദമ്പതികൾക്ക് രണ്ടു മക്കൾ. റായ്പൂർ എൻ.ഐ.ടി വിദ്യാർഥി ഫിറോസ് ഹാരിയും പ്ലസ് വൺ വിദ്യാർഥി അഖിൽ ഹാരിയും. മികച്ച വിദ്യാർഥിക്കുള്ള പുരസ്‌കാരം ബോട്‌സ്വാന പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങിയ മിടുക്കനാണ് അഖിൽ.
ഒരു കാലത്ത് ഭീതിദമായ രീതിയിൽ ആഫ്രിക്കൻ രാജ്യങ്ങളെ വേട്ടയാടിയിരുന്ന എച്ച്.ഐ.വി ഉൾപ്പെടെയുള്ള രോഗങ്ങളെ ബോട്‌സ്വാനയിൽ നിന്ന് ഉന്മൂലനം ചെയ്യുന്നതിനുള്ള കഠിന പ്രയത്‌നത്തിന്റെ ചരിത്രത്തിൽ ഡോ. മിനിയുടെ പേര് ആഫ്രിക്കയുടെ ആതുരസേവന ഭൂപടത്തിൽ തിളങ്ങി നിൽക്കുന്നു.