ന്യൂദല്‍ഹി- അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് തീയതി കുറിച്ചതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവേശിച്ചു. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ നാലു സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിക്കുന്നത്. പഞ്ചാബില്‍ മാത്രം കോണ്‍ഗ്രസും. വളരെ നിര്‍ണായകമായ നാലു സംസ്ഥാനങ്ങളില്‍ അധികാരം നിലനിര്‍ത്താന്‍ ഇത്തവണയും ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുന്‍നിര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പിനിറങ്ങുക. കഴിഞ്ഞ ആറു മാസമായി ബിജെപി കാര്യമായി തന്നെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുണ്ട്. പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍ പ്രദേശില്‍ അധികാരം നിലനിര്‍ത്തുക എന്നതിനാണ് പാര്‍ട്ടി ഏറെ പ്രധാനാന്യം നല്‍കുന്നത്. പ്രധാനമന്ത്രി മോഡിയെ ചുറ്റിപറ്റിയാണ് ബിജെപിയുടെ പ്രചരണ തന്ത്രങ്ങളത്രയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേന്ദ്രത്തില്‍ രണ്ടാം മോഡി സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിടുന്ന ഈ ഘട്ടത്തില്‍ ഈ തെരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്രത്തിനു കൂടി സുപ്രധാനമാണ്.
2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി നിയമസഭാ പോര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. യുപിയില്‍ രണ്ടാം കോവിഡ് തരംഗം കൈകാര്യം ചെയ്തതിലെ വന്‍ വീഴ്ചയും കര്‍ഷകസമരവും കേന്ദ്ര മന്ത്രിയുടെ മകന്‍ കര്‍ഷകര്‍ക്കു നേരെ വാഹനം ഇടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയതുമെല്ലാം ബിജെപിക്കെതിരെ പ്രതിപക്ഷം ആയുധമാക്കുന്ന വിഷയങ്ങളാണ്. യുപിയിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. രാജ്യത്ത് മറ്റിടങ്ങളിലും വേരുറപ്പിക്കാനും ഈ വിജയം പാര്‍ട്ടിക്ക് കരുത്താകുമെന്നാണ് വിലയിരുത്തല്‍.
പഞ്ചാബില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കാനെത്തിയ മോഡിയുടെ വരവിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച ബിജെപിയും കേന്ദ്ര സര്‍ക്കാരും കൈകാര്യം ചെയ്ത രീതി സൂചിപ്പിക്കുന്നത് ഈ തെരഞ്ഞെടുപ്പുകളിലും മോഡിയെ തരംഗമാക്കാനാണ് ബിജെപിയുടെ പദ്ധതി എന്നാണ്. പഞ്ചാബില്‍ ബിജെപിക്ക് വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്നില്ല.
ഉത്തരാഖണ്ഡില്‍ കഴിഞ്ഞ വര്‍ഷം നാലു മാസത്തിനിടെ മൂന്ന് തവണ ബിജെപിക്ക് മുഖ്യമന്ത്രിമാരെ മാറ്റേണ്ടി വന്നിരുന്നു. ഇവിടെ ബിജെപി ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ബിജെപി പലവിധ പ്രതിവിധികളും പയറ്റുന്നുണ്ടെങ്കിലും ഉത്തരാഖണ്ഡില്‍ പോരാട്ടം കനക്കും.
മണിപ്പൂരില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് വടക്കു കിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് ഊര്‍ജമാകും. ഗോവയില്‍ പ്രതിപക്ഷ നിരയിലെ ഭിന്നിപ്പുകളിലാണ് ബിജെപിയുടെ പ്രതീക്ഷകള്‍. മണിപ്പൂരിലും ഗോവയിലും തൃണമൂല്‍ കോണ്‍ഗ്രസ് കൂടി രംഗത്തിറങ്ങുന്നുണ്ട്. ഗോവയില്‍ എഎപിയും രംഗത്തുണ്ട്.