ന്യൂദല്‍ഹി- മദര്‍ തരേസ സ്ഥാപിച്ച കത്തോലിക്ക ചാരിറ്റി സംഘടനയായ മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കി. ക്രിസ്മസ് ദിനത്തില്‍ പിന്‍വലിച്ച ലൈസന്‍സ് കേന്ദ്ര നേരത്തെ പുതുക്കി നല്‍കാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. വ്യാഴാഴ്ചയാണ് ഈ ലൈന്‍സസ് സര്‍ക്കാര്‍ വീണ്ടും പുതുക്കി നല്‍കിയത്. 2026 വരെ കാലാവധിയുള്ള ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫിസിആര്‍എ) രജിസ്‌ട്രേഷനാണ് കേന്ദ്രം പുനസ്ഥാപിച്ചത്. ഇതോടെ സംഘടനയ്ക്ക് വീണ്ടും വിദേശങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കാന്‍ വഴിയൊരുങ്ങി. കൊല്‍ക്കത്തയാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനം. ഫണ്ട് മുടങ്ങുന്നത് സംഘടന നടത്തിവരുന്ന നിരവധി ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ, അഭയ കേന്ദ്രങ്ങള്‍ക്കും തിരിച്ചടിയായിരുന്നു. ഇതു കണക്കിലെടുത്ത് ഒഡീഷ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന 79 ലക്ഷം രൂപ അനുവദിച്ചിരുന്നു.