Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൽഹിയിൽ ക്രിമിനലുകൾക്ക് വിലസാൻ ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകളും വാഹനങ്ങളും

ന്യൂദൽഹി- തലസ്ഥാന നഗരത്തിൽ അതീവ സുരക്ഷാ സന്നാഹങ്ങളുള്ളത് നേതാക്കളും മന്ത്രിമാരും ഉൾപ്പെടുന്ന ഉന്നതർക്കു മാത്രമാണെന്നാണ് പൊതു ധാരണ. എന്നാൽ ദൽഹിയിൽ വിലസുന്ന വൻ ക്രിമിനലുകളും ഇക്കാര്യത്തിൽ കാലോചിതമായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ജാക്കറ്റുകളുമെല്ലാം വാങ്ങി അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഇവർ നഗരത്തിൽ വിലസുന്നത്. ഇത്തരം സന്നാഹങ്ങളുടെ വിൽപ്പന നിയന്ത്രിക്കുന്നതിന് മതിയായ ചട്ടങ്ങളില്ലാത്തത് മുതലെടുത്താണിത്. ഇതു തലവേദനയായിരിക്കുന്നത് പോലീസിനാണ്. 

കവചിത കാറുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വാങ്ങാനാവശ്യമായ രേഖകൾ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ഇവർ വ്യാജമായി ഉണ്ടാക്കുന്നുവെന്ന് മെയിൽ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ക്രിമിനൽ സംഘങ്ങളും കവചിത വാഹനനിർമ്മാതാക്കളും ഇതിനു സൗകര്യമൊരുക്കി നൽകുന്നു. വിദേശത്തു നിന്നു രാഷ്ട്രീയ പ്രതിനിധികളും വലിയ നേതാക്കളും എത്തുമ്പോൾ താൽക്കാലികമായി സുരക്ഷയൊരുക്കാൻ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാറുണ്ട്. ഉപയോഗ ശേഷം ഈ കാറുകൾ പിന്നീട് ലേലത്തിൽ വിൽക്കുകയാണ് ചെയ്യുക. ഈ കാറുകളാണ് തങ്ങളുടെ ബന്ധം ഉപയോഗിച്ച് ക്രിമിനലുകൾ വാങ്ങുന്നത്. 

മഹീന്ദ്ര സ്‌കോർപിയോ പോലുളള എസ് യു വികളാണ് ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളുമൊരുക്കി ഇറക്കുന്നത്. പഞ്ചാബിലാണ് നിർമ്മാണം. എകെ 47 ആക്രമണവും ഗ്രനേഡ് സ്‌ഫോടനവും അതിജീവിക്കാൻ ഈ വാഹനങ്ങൾക്ക് കഴിയും. സ്‌ഫോടനങ്ങളിൽ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനവും ഇവയ്ക്കുണ്ട്. ചെറിയ വെടിവയ്പ്പുകളെ പ്രതിരോധിക്കാൻ ഇവയുടെ വിൻഡ് ഷീൽഡുകൾക്കും കഴിയും. ദൽഹിയിലെ കുപ്രസിദ്ധ ക്രിമിനൽ സംഘത്തലവൻമാരായ സുന്ദർ ഭാട്ടി, കഷ്ണൻ പഹൽവാൻ എന്നിവർ ഇത്തരം വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നു.

ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ല. ദൽഹി പോലീസ് ഉപയോഗിക്കുന്നതിനേക്കാൾ മികച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് ക്രിമിനലുകളുടെ പക്കലുള്ളതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ പറയുന്നു. ദൽഹിയിലെ ക്രമിനലുകൾ ഇവ കൂടുതലായും വാങ്ങുന്നത് മീററ്റിലെ ക്രിമിനൽ സംഘങ്ങളിൽ നിന്നാണ്. ഇവിടെ ഇതു നിർമ്മിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെന്നും പോലീസ് പറയുന്നു.
 

Latest News