തൃശൂർ- സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്. തൃശൂർ സംസ്ഥാന സമ്മേളനത്തോടെ വിഭാഗീയ പ്രവർത്തനം പൂർണമായും ഇല്ലാതായെന്നും പാർട്ടിക്ക് പിറകിലാണ് പ്രവർത്തകർ അണിനിരക്കേണ്ടതെന്നും വ്യക്തികൾക്ക് പിന്നിലല്ലെന്നും സമ്മേളനം തെളിയിച്ചതായും കോടിയേരി പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും വൻ വിജയം നേടാനുള്ള പ്രവർത്തനം നടത്തുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. മാണിയെ മുന്നണിയിലേക്കെടുക്കുന്ന കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ല. ശുഹൈബ് വധക്കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആലപ്പുഴ സമ്മേളനത്തിൽ വിഭാഗീയത അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നു. അതിൽ വിജയിച്ചു. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങൾ കൂടി ഇല്ലാതാക്കാൻ കഴിഞ്ഞെന്നും കോടിയേരി വ്യക്തമാക്കി.