ന്യൂദൽഹി- ലൈംഗിക സുഖത്തിനുള്ള കരാറല്ല വിവാഹമെന്ന് ദൽഹി കുടുംബ കോടതിയുടെ നിർണായക വിധി. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് വിധി. വിവാഹ ബന്ധം വെറും ലൈംഗിക സുഖത്തിനുള്ള കരാർ അല്ലെന്നു വ്യക്തമാക്കിയ കോടതി ഭർത്താവിന്റെ വിവാഹ മോചന അപേക്ഷ തള്ളുകയും ചെയ്തു. ദമ്പതികൾക്കിടയിലെ ബലാൽസംഗം രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കുന്നില്ലെങ്കിലും ഭാര്യക്കെതിരെയുള്ള മാനസിക, ശാരീരിക പീഡനങ്ങളും അതിക്രമങ്ങളും ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. തന്നെ ഒറ്റപ്പെടുത്തി പോയ ഭാര്യ കാണിച്ചത് ക്രൂരതയാണെന്നായിരുന്നു ഭർത്താവിന്റെ ഹർജി. എന്നാൽ ശരിക്കും ക്രൂരത കാണിച്ചത് ഭർത്താവാണെന്നും കടുത്ത ലൈംഗിക പീഡനമുറകളാണ് ഇദ്ദേഹം ഭാര്യയിൽ പ്രയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗിക അടുപ്പം നിയമപ്രകാരമുള്ള വിവാഹ ബന്ധത്തിന്റെ സുപ്രധാന ഭാഗമാണെങ്കിലും അത് ലൈംഗിക തൃപ്തി പൂർത്തീകരണത്തിനുള്ള ഒരു കരാറല്ലെന്നാണ് കോടതി വിശദീകരിച്ചത്. ഭാര്യയുടെ അനുവാദമോ സമ്മതമോ കൂടാതെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവിന് സർവസ്വാതന്ത്ര്യവുമുണ്ട് എന്നും ഇതിന് അർത്ഥമില്ല.
16 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഭർത്താവ് വിവാഹ മോചനം തേടി കോടതിയെ സമീപിച്ചത്. തന്നെയും കുടുംബത്തേയും ഉപേക്ഷിച്ചു പോയ ഭാര്യ ചെയ്തത് ക്രൂരതയാണെന്നായിരുന്നു വാദം. എന്നാൽ ഭർത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങൽ സഹിക്കാനാവാതെയാണ് താൻ വീടുവിട്ടതെന്ന് ഭാര്യ കോടതിയിൽ വ്യക്തമാക്കി. ഭർത്താവ് തന്നെ ഭ്രാന്തമാവും പ്രകൃതിവിരുദ്ധവുമായ ലൈംഗിബന്ധത്തിനിരയാക്കിയിരുന്നെന്നും വഴങ്ങിയില്ലെങ്കിൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ഭാര്യ കോടതിയിൽ പറഞ്ഞിരുന്നു.