ന്യൂദല്‍ഹി- രാജ്യത്ത് വീണ്ടും കോവിഡ് അതിവേഗം വ്യാപിക്കുന്നതിനിടെ പുതിയ വെല്ലുവിളി ഉയര്‍ത്തി കൂടുതല്‍ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കൂടുതലായി ഇരകളാകുന്നു.ഓരോ ദിവസവും കോവിഡ് സ്ഥിരീകരിക്കുന്ന പതിനായിരങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്തെ ചികിത്സാ സൗകര്യങ്ങളെ തന്നെ താറുമാറാക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ദല്‍ഹിയിലു ബീഹാറിലും ഏതാണ്ട് 150 വീതം മെഡിക്കല്‍ ജീവനക്കാര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.
ബംഗാളിലും 300 ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. ബെംഗളൂരുവിലും പുതുതായി കോവിഡ് ബാധിക്കുന്നവരില്‍ ചികിത്സാ രംഗത്തുള്ളവരുടെ എണ്ണം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കോവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമായാണ് രാജ്യത്ത് വ്യാപിക്കുന്നത്. പ്രതിദിന കേസുകള്‍ ലക്ഷത്തിനടുത്തെത്തി.
മുംബൈയില്‍ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ 157 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സയണ്‍ ഹോസ്പിറ്റലില്‍ 80 ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചു. നഗരത്തിലെ മറ്റ് ആശുപത്രികളിലും കോവിഡ് സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും എണ്ണം കൂടുകയാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 260 ഡോക്ടമാര്‍ക്കെങ്കിലും രോഗം ബാധിച്ചതായി റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
രണ്ടാം തരംഗത്തില്‍ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ യോഗ്യരായ ഡോക്ടര്‍മാരും മറ്റും ലഭ്യമല്ലാതായത് വലിയ ഭീഷണി സൃഷ്്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടര്‍മാരെയും നഴ്‌സുമാരേയും കൂടുതലായി കോവിഡ് പിടികൂടുന്നത് മൂന്നാം തരംഗത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്.