Sorry, you need to enable JavaScript to visit this website.

ഒരു വർഷത്തിനിടെ സൗദി വിട്ടത് പന്ത്രണ്ട് ലക്ഷം വിദേശികൾ

ആശ്രിത ലെവി കാരണം 6,70,000 വിദേശികൾ സൗദി വിടും

റിയാദ് - സൗദി അറേബ്യയിലെ താമസവും ജോലിയും ഉപേക്ഷിച്ച് കഴിഞ്ഞ വർഷം (1438) സ്വദേശങ്ങളിലേക്ക് മടങ്ങിയ വിദേശികളുടെ കൃത്യമായ കണക്ക് ജവാസാത്ത് ഡയറക്ടറേറ്റ് പുറത്തുവിട്ടു. വൻകിട കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ജവാസാത്തിന്റെ ഓൺലൈൻ സേവനമായ മുഖീമും ചെറുകിട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ഓൺലൈൻ സേവനമായ അബ്ശിറും വഴി പന്ത്രണ്ടു ലക്ഷത്തോളം പേർക്ക് 1438 ൽ ഫൈനൽ എക്‌സിറ്റ് നൽകിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മുഖീം സേവനം വഴി 5,40,820 പേരാണ് കഴിഞ്ഞ വർഷം ഫൈനൽ എക്‌സിറ്റ് നേടി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയത്. അബ്ശിർ സേവനം വഴി 6,45,629 പേർ ഫൈനൽ എക്‌സിറ്റ് നേടി. അബ്ശിർ വഴി അനുവദിച്ച ഫൈനൽ എക്‌സിറ്റുകളിൽ 52,956 എണ്ണം പിന്നീട് റദ്ദാക്കി. സ്വകാര്യ, ഗവൺമെന്റ് മേഖലാ ജീവനക്കാരും ആശ്രിതരും അടക്കം ജവാസാത്തിൽനിന്ന് ഫൈനൽ എക്‌സിറ്റ് നേടി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയവരുടെ കൃത്യമായ കണക്കാണിത്. 

കഴിഞ്ഞ കൊല്ലം അബ്ശിർ സേവനം വഴി 41,81,416 പേർ റീ-എൻട്രി നേടി. ഇതിൽ 1,26,914 എണ്ണം പിന്നീട് റദ്ദാക്കി. 17,447 ഫാമിലി വിസിറ്റ് വിസകളും അബ്ശിർ വഴി അനുവദിച്ചു. 61,252 പേരുടെ പ്രൊഫഷൻ മാറ്റി. 3,53,539 പേരുടെ സ്‌പോൺസർഷിപ്പ് മാറ്റി. 11,39,479 പേരുടെ വിസിറ്റ് വിസ ദീർഘിപ്പിച്ചു. യെമനികളുടെയും സിറിയക്കാരുടെയും 4,33,081 വിസിറ്റേഴ്‌സ് ഐഡന്റിറ്റി പുതുക്കി നൽകി. 6,24,327 വിദേശികൾക്ക് പുതിയ ഇഖാമ നൽകി. 34,63,283 വിദേശികളുടെ ഇഖാമ ഒരു വർഷത്തേക്കും 1,58,9355 പേരുടെ ഇഖാമ രണ്ടു വർഷത്തേക്കും പുതുക്കി നൽകി. 38,679 വിദേശികളെ അബ്ശിർ സേവനം വഴി തൊഴിലുടമകൾ ഹുറൂബാക്കി. സൗദി പൗരന്മാർക്ക് പുതിയ പാസ്‌പോർട്ടുകൾ അനുവദിക്കൽ, പാസ്‌പോർട്ടുകൾ പുതുക്കൽ, സൗദി വനിതകൾക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതി പത്രം എന്നിവ ഉൾപ്പെടെ അബ്ശിർ സേവനം വഴി കഴിഞ്ഞ കൊല്ലം ജവാസാത്ത് ആകെ 1,37,34,660 സേവനങ്ങളാണ് നൽകിയത്. 

വൻകിട കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ജവാസാത്തിന്റെ ഓൺലൈൻ സേവനമായ മുഖീം വഴി 89,20,130 സേവനങ്ങൾ കഴിഞ്ഞ വർഷം നൽകി. മുഖീം സേവനം വഴി 5,40,820 പേർക്ക് ഫൈനൽ എക്‌സിറ്റ് നൽകി. 28,25,521 പേർക്ക് റീ-എൻട്രിയും 2,24,635 പേർക്ക് മൾട്ടിപ്പിൾ റീ-എൻട്രിയും അനുവദിച്ചു. 4,03,203 പേർക്ക് പുതിയ ഇഖാമ അനുവദിച്ചു. 40,92,193 പേരുടെ ഇഖാമ പുതുക്കി. 1,75,218 പേരുടെ സ്‌പോൺസർഷിപ്പും 67,289 പേരുടെ പ്രൊഫഷനും മാറ്റിയതായും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഓൺലൈൻ സേവനങ്ങളായ മുഖീമും അബ്ശിറും വഴി കഴിഞ്ഞ കൊല്ലം ആകെ 2.3 കോടിയോളം സേവനങ്ങൾ കഴിഞ്ഞ കൊല്ലം ജവാസാത്ത് നൽകി. 

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 2,23,187 ഇഖാമ, തൊഴിൽ നിയമലംഘകരെ സുരക്ഷാ വകുപ്പുകൾ നാടുകടത്തിയിരുന്നു. ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ ജവാസാത്ത് ഡയറക്ടറേറ്റ് ആണ് പൂർത്തിയാക്കിയത്. ആശ്രിത ലെവി കാരണം ഏതാനും വർഷങ്ങൾക്കുള്ളിൽ 6,70,000 വിദേശികൾ സൗദി അറേബ്യ വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഫ്രാൻസി ബാങ്ക് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പറഞ്ഞു. സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവിയും ആശ്രിത ലെവിയും കാരണം പ്രതിവർഷം ശരാശരി 1,65,000 വിദേശ തൊഴിലാളികൾ സൗദി അറേബ്യ വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി ഫ്രാൻസി ബാങ്ക് റിപ്പോർട്ട് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 11.7 ദശലക്ഷത്തിലേറെ വിദേശികളാണുള്ളത്.
 

Latest News