സിയോള്‍- അയല്‍രാജ്യങ്ങളെ സംഭീതിയിലാക്കി ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കിഴക്കന്‍ തീരത്തെ കടലിലേക്ക് തൊടുത്തുവിട്ടത് ബാലിസ്റ്റിക് മിസൈല്‍ ആണെന്നാണ് സംശയം. കൊറിയന്‍ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള കടലില്‍ മിസൈല്‍ പതിച്ചു. ജപ്പാനും ദക്ഷിണ കൊറിയയും സംഭവത്തെ അപലപിച്ചു.
ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളില്‍നിന്ന് ഉത്തരകൊറിയയെ യു. എന്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ അവര്‍ അതു വകവെക്കുന്നില്ല. ഉത്തര കൊറിയയുടെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് നേതാവ് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തു. ദക്ഷിണകൊറിയ, യു.എസുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം വിവിധതരം മിസൈലുകള്‍ അവര്‍ പരീക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ വിക്ഷേപണം സിയോളിലെ പ്രതിരോധ വകുപ്പ് സ്ഥിരീകരിക്കുന്നതിന് മുമ്പ് ബുധനാഴ്ച രാവിലെ ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് ആണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 'ദക്ഷിണ കൊറിയന്‍, യു.എസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ്-ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് (ജെസിഎസ്) പ്രസ്താവനയില്‍ പറഞ്ഞു.
ബാലിസ്റ്റിക് മിസൈല്‍ ഏകദേശം 500 കിലോമീറ്റര്‍ പറന്നതായി ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.