പാരീസ്- പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ആളുകളുടെ ജീവിതം ദുഷ്‌കരമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവന വിവാദമായി. പ്രസിഡന്റിന്റെ വാക്കുകള്‍ ഭിന്നതയുണ്ടാക്കുന്നതും അശ്ലീലവുമായ ഭാഷയിലാണെന്നാണ് ആരോപണം.
'എനിക്ക് അവരെ വിഷമിപ്പിക്കാന്‍ ആഗ്രഹമുണ്ട്, ഞങ്ങള്‍ ഇത് തുടരും - അവസാനം വരെ,' മാക്രോണ്‍ ഒരു പത്രത്തോട് പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് മാസം മാത്രം ശേഷിക്കെ, മാക്രോണിന്റെ വാക്കുകള്‍ ഒരു പ്രസിഡന്റിന് യോഗ്യമല്ലെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തി.
കുത്തിവെപ്പ് എടുക്കാത്തവരെ പൊതുജീവിതത്തില്‍ നിന്ന് തടയുന്ന നിയമത്തെക്കുറിച്ചുള്ള ചര്‍ച്ച എം.പിമാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രസിഡന്റിന്റെ ഭാഷയെക്കുറിച്ച് പ്രതിപക്ഷ പ്രതിനിധികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ അസംബ്ലിയിലെ സെഷന്‍ ചൊവ്വാഴ്ചയും സ്തംഭിച്ചു. 'യോഗ്യതയില്ലാത്തതും നിരുത്തരവാദപരവും മുന്‍വിധിയോട് കൂടിയതുമാണെന്നാണ് പ്രതിപക്ഷ വിമര്‍ശം.
ഈ ആഴ്ച വോട്ടെടുപ്പില്‍ പുതിയ നിയമനിര്‍മ്മാണം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ ഇത് വാക്‌സിന്‍ വിരുദ്ധരെ ചൊടിപ്പിച്ചിട്ടുണ്ട്, നിരവധി ഫ്രഞ്ച് എം.പിമാര്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് വധഭീഷണി ഉണ്ടെന്ന് അറിയിച്ചു. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമത്തിലൂടെ 12 വയസ്സിന് മുകളിലുള്ള വാക്‌സിന്‍ സ്വീകരിക്കാത്ത 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വിതരണം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ബാറുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, സിനിമാശാലകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, വിനോദ കേന്ദ്രങ്ങള്‍, ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ഹെല്‍ത്ത് പാസ് ആവശ്യമാണ്. അടുത്ത സമയത്തെടുത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഹെല്‍ത്ത് പാസായി ഉപയോഗിക്കാം. എന്നാല്‍ ഹെല്‍ത്ത് പാസിന് പകരം വാക്‌സിന്‍ പാസ് നല്‍കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. പൂര്‍ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് മാത്രമേ ഇനി മുതല്‍ മുകളില്‍ പറഞ്ഞ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കൂ.
ഫ്രാന്‍സിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണിന് പിന്നാലെ മറ്റൊരു വകഭേദം കൂടി കണ്ടെത്തിതോടെ വാക്‌സിന്‍ സംബന്ധിച്ച ചര്‍ച്ചക്ക് ആക്കം കൂടിയിരിക്കുകയാണ്. മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധരാണ് ഐ.എച്ച്.യു എന്ന പേരിലുള്ള പുതിയ വകഭേദത്തെ കണ്ടെത്തിയത്. ഗവേഷകര്‍ പറയുന്നത് അനുസരിച്ച് 46 മ്യൂട്ടേഷനുകള്‍ ഈ വകഭേദത്തില്‍ സംഭവിച്ചിട്ടുണ്ട്. ഒമിക്രോണിനേക്കാള്‍ വാക്‌സിനുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇതിന് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. 12 കേസുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മാര്‍സെയിലിന് സമീപത്താണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മറ്റു രാജ്യങ്ങളില്‍ ഐ.എച്ച്.യു വകഭേദം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍, ഫ്രാന്‍സില്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ഫ്രാന്‍സിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി അടുത്തിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 62.4 ശതമാനം കോവിഡ് പരിശോധനകളിലും ഒമിക്രോണ്‍ വകഭേദമാണ് കണ്ടെത്തുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരാഴ്ച ഫ്രാന്‍സില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കാരണം പ്രതിദിനം ശരാശരി 1,60,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേസുകളുടെ ഈ വര്‍ധന ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബാറുകള്‍, റെസ്റ്റോറന്റുകള്‍, ദീര്‍ഘദൂര പൊതുഗതാഗതം തുടങ്ങിയ പൊതു ഇടങ്ങളില്‍ കോവിഡ്19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ഫ്രഞ്ച് എം.പിമാര്‍ നിര്‍ദേശിച്ചിരുന്നു.