ന്യൂദല്‍ഹി- ഗുഡ്ഗാവില്‍ പൊതുസ്ഥലത്ത് നമസ്‌കാരം തടഞ്ഞ വിവാദം തുടരുന്നതിനിടെ, നേരത്തെ സുപ്രീം കോടതിയെ സമീപിച്ച മുന്‍ രാജ്യസഭാംഗം മുഹമ്മദ് അദീബിനും മറ്റുമെതിരെ പോലീസ് കേസെടുത്തു. ഭൂമി കയ്യേറാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അദീബിനു പുറമെ, അബ്ദുല്‍ ഹസീബ് , മുഫ്തി മഹ്‌മൂദ് സാലി എന്നിവര്‍ക്കെതിരെയാണ് സെക്ടര്‍ 40 പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തത്.
വസ്തുതകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സെക്ടര്‍ 40 പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് സിംഗ് പറഞ്ഞു.
വിദ്വേഷ ആക്രമണങ്ങള്‍ തടയണമെന്ന കോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഹരിയാന ഡി.ജി.പിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദീബ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
അദീബ് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നുവെന്നും ഭൂമി കയ്യേറുന്നുവെന്നുമാണ് ദിനേഷ് ഭാരതി, ഹിമ്മത്, വിക്കി കുമാര്‍ എന്നിവര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രദേശവാസികള്‍ ഭൂമി കയ്യേറാന്‍ ആവര്‍ത്തിച്ച് ശ്രമം നടത്തിയെന്നും പരാതിയില്‍ പറഞ്ഞു.