ജയ്പൂര്‍- ഇന്ത്യയിലെ ആദ്യ ഒമിക്രോണ്‍ മരണം രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഇവിടെ കോവിഡ് ബാധിച്ച് മരിച്ച 73കാരന്റെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇദ്ദേഹത്തിന് ഒമിക്രോണ്‍ ബാധിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. സാങ്കേതികമായി ഇത് ഒമിക്രോണ്‍ മരണമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ഡിസംബര്‍ 31നാണ് 73കാരന്‍ ഉദയ്പൂരിലെ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ രണ്ടു തവണ കോവിഡ് പരിശോധന നെഗറ്റീവായിരുന്നു. പിന്നീട് ജനിതക ശ്രേണീകരണം നടത്തിയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കോവിഡിനു ശേഷമുണ്ടായ ന്യൂമോണിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൈപോതൈറോയ്ഡിസം എന്നിവ മൂലമാണ് മരണം സംഭവിച്ചതെന്ന് ഉദയ്പൂര്‍ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദിനേഷ് ഖരാഡി നേരത്തെ പറഞ്ഞിരുന്നു.