ന്യൂദൽഹി- മുസ്ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനം ഫെബ്രുവരി 12, 13 തിയതികളിൽ ഹൈദ്രാബാദിൽ നടക്കും. ദൽഹി കെ.എം.എൽ.ഡബ്ല്യൂ.എ ഹാളിൽ ചേർന്ന യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദക്ഷിണേന്ത്യയിലെ ചരിത്ര നഗരിയിൽ യൂത്ത് ലീഗിന്റെ രണ്ടാമത് ദേശീയ സമ്മേളനം
നടത്താൻ തീരുമാനമായത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കുക.
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും യൂത്ത് ലീഗ് ഘടകങ്ങൾ രൂപീകരിക്കും. മൂന്ന് മാസത്തിനകം മെട്രോ നഗരങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനാണ് തീരുമാനിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കും. വോട്ടർ പട്ടികയിൽ പേരു ചേർക്കുക, വിവിധ സ്‌കോളർഷിപ്പ് അപേഷകൾ സമർപ്പിക, വിദ്യാഭ്യാസ ജോലി ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കു വേണ്ടിയും സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന തരത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുസ്്‌ലിം ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങൾക്ക് നൽകുന്ന വിവിധ ആനുകൂല്യങ്ങളും സാമൂഹ്യക്ഷേമ പെൻഷനുകളും അർഹരായവർക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ കേന്ദ്രങ്ങളിലൂടെ നടക്കും. ഇതിന്റെ ദേശീയ തല ഉദ്ഘാടനം ഹരിയാനയിലെ മേവാതിൽ നടക്കും. മേവാതിൽ ഇതിനോടനുബന്ധിച്ച് ലൈബ്രറി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. കേരളത്തെ മാതൃകയാക്കി ഡൽഹിയിൽ ആരംഭിച്ച വൈറ്റ്ഗാർഡ് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ രജിസട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വിവിധ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ആൾക്കൂട്ട ഭീകരതക്കെതിരെ കർശനമായ നിയമം കൊണ്ടുവന്ന ജാർഖണ്ഡ് സംസ്ഥാന സർക്കാറിനെ യോഗം അഭിവാദ്യം ചെയ്തു.
ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റഹ്ബർ (ഉത്തർ പ്രദേശ്) ,സുബൈർ ഖാൻ (മഹാരാഷ്ട്ര) സെക്രട്ടറിമാരായ നസ്‌റുള്ള ഖാൻ (തമിൾനാട്) ഉമർ ഫാറൂഖ് ഇനാംദാർ (കർണാടക) എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മർസൂഖ് ബാഫഖി, ഷിബു മീരാൻ, അഡ്വ: എ വി അൻവർ, സി.കെ ഷാക്കിർ, അസറുദ്ദീൻ ചൗധരി (ഹരിയാന) മുഹമ്മദ് ഷഹ സാദ്, മുദസിർ അഹമ്മദ് ,ഡാനിഷ് ഖാൻ (ഡൽഹി), സർഫറാസ് അഹമ്മദ്, മുഹമ്മദ് സുബൈർ, അയാസ് അഹമ്മദ് (ഉത്തർ പ്രദേശ്) തബ്‌റേസ് അൻസാരി (ജാർഖണ്ഡ്) ജനറൽ സെക്രട്ടറി അഡ്വ: വി.കെ ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.