ബെയ്ജിങ്- മധ്യ ചൈനയിലെ യുഷോ നഗരത്തില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരവാസികളായ 12 ലക്ഷം പേരെ അധികൃതര്‍ വീടുകളില്‍ പൂട്ടിയിട്ടു. കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി മുതല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് കര്‍ശന നിര്‍ദേശം. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സീറോ കോവിഡ് എന്ന കര്‍ശന അതിര്‍ത്തി നിയന്ത്രണങ്ങളാണ് ചൈനയില്‍ ഇപ്പോഴും തുടരുന്നത്. ഹെനാന്‍ പ്രവിശ്യയിലെ യുഷോയില്‍ 11.7 ലക്ഷമാണ് ജനസംഖ്യ.
കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇത്ര കടുത്ത നിയന്ത്രണങ്ങള്‍. ജനവാസ കേന്ദ്രങ്ങളിലെല്ലാം ഗെയ്റ്റില്‍ കാവല്‍ക്കാരെ നിര്‍ത്തിയിരിക്കുകയാണ്. ഇവര്‍ ആരേയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. നഗരത്തിലെ ഷോപ്പിങ് മാളുകള്‍, ബസ്-ടാക്‌സി സര്‍വീസുകള്‍, മ്യൂസിയങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.
ചൈനയില്‍ ചൊവ്വാഴ്ച 175 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ചു കേസുകളാണ് യുഷോ നഗരം ഉള്‍പ്പെടുന്ന ഹെനാന്‍ പ്രവിശ്യയില്‍ സ്ഥിരീകരിച്ചവ. വിന്റര്‍ ഒളിംപിക്‌സിന് ഒരു മാസം മാത്രം ശേഷിക്കെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ അധികൃതര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.