ന്യൂദല്‍ഹി- കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡിന്റെ മൂന്നാം തരംഗമാണെന്ന് നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ അധ്യക്ഷന്‍ ഡോ. എന്‍ കെ അറോറ. മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ വന്‍നഗരങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 75 ശതമാനവും അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വാക്‌സിനേഷന്‍ പദ്ധതിയുടെ പ്രധാന ചുമതലക്കാരനാണ് ഡോ. അറോറ.
ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് ജനിതക ശ്രേണീകരണത്തിലൂടെ ഒമിക്രാേണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ദേശീയ തലത്തില്‍ കോവിഡ് കേസുകളുടെ 12 ശതമാനം ഒമിക്രോണ്‍ ആയിരുന്നു. പിന്നീട് ഇത് 28 ശതമാനമായി വര്‍ധിച്ചു. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ ഒമിക്രോണ്‍ വ്യാപനം ദ്രുതഗതിയില്‍ വര്‍ധിക്കുന്ന പ്രവണതയാണുള്ളത്.
ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത് 1700 ഒമിക്രോണ്‍ കേസുകളാണ്. ഇതില്‍ 510ഉം മഹാരാഷ്ട്രയിലാണ്. ഇതോടൊപ്പം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലും കുതിപ്പുണ്ടായി. 22 ശതമാനമാണ് പുതിയ കേസുകളുടെ വര്‍ധന.