ലഖ്‌നൗ- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്കു നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനം ഇടിച്ചു കയറ്റി നാലു കര്‍ഷകരേയും ഒരു മാധ്യമപ്രവര്‍ത്തകനേയും കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയും 13 പേരും കുറ്റക്കാരാണെന്ന് അയ്യായിരത്തോളം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. കൊലക്കുറ്റം, വധശ്രമം ഉള്‍പ്പെടെ വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രി പുത്രനുള്‍പ്പെടെ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 14 പേരും ജയിലിലാണ്. വിരേന്ദ്ര കുമാര്‍ ശുക്ല എന്ന പ്രതിക്കെതിരെ തെളിവു നശിപ്പിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. ഇദ്ദേഹം മന്ത്രി അജയ് മിശ്രയുടെ അകന്ന ബന്ധുവും പ്രാദേശിക നേതാവുമാണെന്നും റിപോര്‍ട്ടുണ്ട്.
ലഖിംപൂരിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.