Sorry, you need to enable JavaScript to visit this website.

വിവാഹ പ്രായ നിയമം പുനപ്പരിശോധിക്കുന്ന 31 അംഗ സമിതിയില്‍ ഒരു വനിത മാത്രം

ന്യൂദല്‍ഹി- പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്തി ഭേദഗതി ചെയ്ത ബാല വിവാഹം തടയല്‍ ബില്‍ പുനപ്പരിശോധിക്കുന്ന 31 പാര്‍ലമെന്ററി സമിതിയില്‍ ഒരേ ഒരു വനിതാ എംപി മാത്രമെ ഉള്ളു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ശിവ സേന എംപി പ്രിയങ്ക ചതുര്‍വേദി രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തയച്ചു. രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു സുപ്രധാ ബില്ല് ചര്‍ച്ച ചെയ്യുന്ന സമിതിയില്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഇല്ല എന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ഒരു വനിതാ പാര്‍ലമെന്റംഗം എന്ന നിലയില്‍ തനിക്ക് ഉത്കണ്ഠ ഉണ്ടെന്നും പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപിയായ സുസ്മിത ദേവ് മാത്രമാണ് ഈ സമിതിയിലെ ഏക വനിതാ അംഗം. 

ലോക്‌സഭ പാസാക്കിയ ബില്ല് എതിര്‍പ്പിനെ തുടര്‍ന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്കും പുനപ്പരിശോധനയ്ക്കുമായി വിദഗ്ധ സമിതിക്കു വിട്ടതായിരുന്നു. വിദ്യാഭ്യാസം, വനിതാ, ശിശു, യുവജന, കായിക കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ബില്ല് പരിശോധിക്കുന്നത്. 

സ്ത്രീകളേയും ഇന്ത്യന്‍ സമൂഹത്തേയും സംബന്ധിച്ച് വളരെ പ്രസക്തമായ ഒരു ബില്‍ വനിതാ പ്രാതിനിധ്യം നാമമാത്രമായ ഒരു കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നിരാശാജനകമാണ്. അതിനാല്‍, ഇന്ത്യയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച ഈ ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചയില്‍ സ്ത്രീകളുടെ കൂടുതല്‍ പ്രാതിനിധ്യവും പങ്കാളിത്തവും ഉണ്ടായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുക്കേണ്ടതും എല്ലാവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ശബ്ദവും കമ്മിറ്റി കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്- കത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടു.

Latest News