ഷില്ലോങ്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദേവാലയങ്ങളെ അപമാനിക്കുകയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മേഘാലയയിലെ പള്ളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പണം വാഗ്ദാനം ചെയ്യുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
സംസ്ഥാനത്തെ മത- ആത്മീയ കേന്ദ്രങ്ങളുടെ വികസനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ 70 കോടിരൂപ അനുവദിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പള്ളികള്‍ വാങ്ങാന്‍ ശ്രമിക്കുകയാണെന്ന ആരോപണം രാഹുല്‍ ഉന്നയിക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു. പള്ളികള്‍ പണം കൊടുത്ത് വാങ്ങാന്‍ സാധിക്കുന്നവയാണെന്ന ധാരണ നാണക്കേടാണെന്നും കണ്ണന്താനം പറഞ്ഞു. മേഘാലയയില്‍ വികസനം ഉറപ്പുവരുത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെന്ദിപതാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് രാഹുല്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മേഘാലയയിലെ പള്ളികള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ പണം വാഗ്ദാനം ചെയ്യുകയാണെന്നും ഭിന്നിപ്പിക്കുകയും അടിച്ചമര്‍ത്തുകയുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിയും മതവും വിശ്വാസവും വില കൊടുത്ത് വാങ്ങാമെന്നാണ് അവര്‍ ധരിച്ചിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.