ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ധാര്‍ഷ്ട്യമെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പ്രധാനമന്ത്രിയുമായി കാര്‍ഷിക സമരത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പോയി തര്‍ക്കിച്ചു പരിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ദാദ്രിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രൂക്ഷവിമര്‍ശം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പോയിരുന്നു, എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ തര്‍ക്കിച്ചു പിരിയുകയായിരുന്നു. അദ്ദേഹം വളരെ ധാര്‍ഷ്ട്യമുള്ളയാളാണ്. 500 കര്‍ഷകരാണ് മരിച്ചത് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ 'അവര്‍ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചത്?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറു ചോദ്യം . അതെ, നിങ്ങള്‍ രാജാവായിരിക്കുന്നതിനാല്‍ എന്നായിരുന്നു എന്റെ മറുപടി. തുടര്‍ന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ മോഡി പറയുകയായിരുന്നുവെന്നും താന്‍ അതനുസരിച്ചുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ നേരത്തെയും സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട്, കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ബി.ജെ.പി ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന മാലികിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉത്തര്‍പ്രദേശിലെ പല ഗ്രാമങ്ങളിലും ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രവേശിക്കാന്‍ പോലും കഴിയില്ലെന്നും മാലിക് പറഞ്ഞിരുന്നു.