ടെക്‌സസ്- യുഎസിലെ ടെക്‌സസിലെ ടെക്‌സര്‍ക്കാനയില്‍ കഴിഞ്ഞ ദിവസം മഴ പെയ്തു. എന്നാല്‍ മഴയ്‌ക്കൊപ്പം പെയ്തിറങ്ങിയതാകട്ടെ നൂറുകണക്കിനു മീനുകളും. വീടുകള്‍ക്കു മുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ മുകളിലും മീനുകള്‍ കൂട്ടത്തോടെ വന്നു വീണതോടെ നാട്ടുകാരും അന്തം വിട്ടു. എന്നാല്‍ ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
കൈപ്പത്തിയോളം വലുപ്പമുള്ള മീനുകളാണ് നഗരത്തിലെ പല ഭാഗങ്ങളിലും പതിച്ചത്. അപൂര്‍വമായി മാത്രം സംഭവിക്കുന്ന മൃഗമഴ എന്ന പ്രതിഭാസമാണ് മീന്‍മഴയ്ക്ക് കാരണമാകുന്നതെന്നാണ് നഗരസഭ വ്യക്തമാക്കിയത്. കടലില്‍ രൂപപ്പെട്ട വാട്ടര്‍സ്പൗട്ട് അഥവാ ജലസ്തംഭങ്ങളുടെ ഫലമായി ഉയര്‍ന്നു പൊങ്ങിയ മത്സ്യങ്ങള്‍ പിന്നീട് നഗരത്തില്‍ പതിച്ചതാകാമെന്ന് നഗരസഭാ അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മാത്രമാണ് ഇതു സംഭവിക്കുന്നതെന്നും ഭാരം കുറഞ്ഞ മീനുകള്‍ മാത്രമാണ് ഇത്തരത്തില്‍ മഴയായി പെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
ആകാശത്തില്‍ രൂപപ്പെട്ടുന്ന ജലസ്തംഭങ്ങള്‍ പലതും ദുര്‍ബലമായിരിക്കും. എന്നാല്‍ ഇവ ശക്തിയേറി കടലിലോ മറ്റു ജലാശയങ്ങളിലോ തൊടുമ്പോഴാണ് മീന്‍മഴയ്ക്ക് അനുകൂല സാഹചര്യമൊരുങ്ങുന്നത്. വാട്ടര്‍സ്പ്രൗട്ടിനു വേഗം വര്‍ധിക്കുമ്പോള്‍ വെള്ളത്തോടൊപ്പം മറ്റു ഭാരം കുറഞ്ഞ വസ്തുക്കളും എടുത്തുയര്‍ത്തപ്പെടും. അതിവേഗത്തില്‍ കറങ്ങി വെള്ളം ആകാശത്തിലേയ്ക്ക് ഉയരുമ്പോള്‍ ചെറുമത്സ്യങ്ങളും തവളകള്‍ പോലുള്ള ചെറുജീവികളുമെല്ലാം ആകാശത്തിലെത്തും. തുടര്‍ന്ന് കിലോമീറ്ററുകളോളം സഞ്ചരിച്ച് മറ്റെവിടെയെങ്കിലും മഴയായി പെയ്തിറങ്ങുകയാണ് ചെയ്യുന്നത്. മുന്‍പും ലോകത്ത് പല രാജ്യങ്ങളിലും സമാനമായ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജലസ്തംഭങ്ങള്‍ പലപ്പോഴും അന്തരീക്ഷത്തിലെ മഴമേഘങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കും. ഈ സാഹചര്യത്തില്‍ കടലില്‍ നിന്നോ മറ്റു നീര്‍ത്തടങ്ങളില്‍ നിന്നോ ഉയര്‍ന്നു പൊങ്ങുന്ന വെള്ളവും മീനുകളും മഴമേഘങ്ങളില്‍ കുടുങ്ങുകയും അവ മേഘങ്ങളോടൊപ്പം ദീര്‍ഘദൂരം സഞ്ചരിക്കുകയും ചെയ്യും. ഈ സമയം കൊണ്ടു തന്നെ പല മേഘങ്ങളും ചത്തിട്ടുണ്ടാകും. പിന്നീട് മറ്റെവിടെയെങ്കിലും അവ മഴയായി പെയ്തിറങ്ങും. ഇത്തരത്തില്‍ കടലില്‍ നിന്ന് 160 കിലോമീറ്ററോളം അകലെ വരെ മീന്‍മഴകള്‍ ഉണ്ടാകാറുണ്ട്.
ജലസ്തംഭങ്ങളെക്കാള്‍ കൂടുതല്‍ ശക്തമായ കാറ്റുകളായ അപ്ഡ്രാഫ്റ്റുകള്‍ക്ക് ചെറുമീനുകളെക്കാല്‍ ഭാരമുള്ള തവളകള്‍, പക്ഷികള്‍, വവ്വാലുകള്‍, പാമ്പുകള്‍ തുടങ്ങിയവയെയും ആകാശത്തേയ്ക്ക് ഉയര്‍ത്താന്‍ ശേഷിയുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മീന്‍മഴയുണ്ടായ ടെക്‌സര്‍ക്കാനയിലെ ജനങ്ങളില്‍ പലര്‍ക്കും സംഭവം പുതിയ കാഴ്ചയായിരുന്നു.
ചെറുമീനുകള്‍ ആകാശത്തു നിന്നു വീഴുന്നത് രസമുള്ള കാഴ്ചയായിരുന്നു എന്നാണ് നാട്ടുകാരില്‍ ഒരാള്‍ യുഎസ് മാധ്യമമായ കെഎസ്എല്‍എയോടു പ്രതികരിച്ചത്. മുറ്റത്തു വീണ മീന്‍ ഒരു ബക്കറ്റില്‍ കോരിയെടുത്തെന്നും മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ ഇരയായി ഉപയോഗിക്കാന്‍ ഈ ചെറുമീനുകള്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പലര്‍ക്കും മീന്‍മഴ ഒരു തലവേദനയാകുകയും ചെയ്തു. കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ വീണ ചത്ത മീനുകളെ ജീവനക്കാര്‍ തന്നെ കോരി മാറ്റി. മുറ്റത്തു വീണ മീനുകളുടെ ചിത്രം പലരും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുമുണ്ട്.
ടെക്‌സസ് സംസ്ഥാനത്ത് ഇതാദ്യമായാണ് മീന്‍മഴ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 2017ല്‍ കാലിഫോര്‍ണിയയില്‍ സമാനമായ സംഭവമുണ്ടായിരുന്നു. ഓറോവില്ലിലെ ഒരു െ്രെപമറി സ്‌കൂളിന്റെ മുറ്റത്തായിരുന്നു നൂറോളം മീനുകള്‍ പതിച്ചത്.