Sorry, you need to enable JavaScript to visit this website.

കര്‍ഫ്യൂ സമയത്ത് പൊറോട്ട നല്‍കിയില്ല;  ഹോട്ടലുടമയെ വെടിവച്ചുകൊന്നു

നോയിഡ- രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനിടെ ഭക്ഷണം ചോദിച്ചിട്ട് നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കള്‍ വെടിവച്ചു കൊന്നു. ഹോട്ടലുടമയും ഹാംപൂര്‍ സ്വദേശിയുമായ കപില്‍ (27) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഹോട്ടലുടമ കൊല്ലപ്പെട്ട സംഭവത്തില്‍ ആകാശ്, യോഗേന്ദ്ര എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കപിലും പ്രതികളും പരിചയക്കാരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ കപിലിന്റെ ഹോട്ടലില്‍ പതിവായി ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു.
കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ശനിയാഴ്ച രാത്രിയാണ് പ്രതികള്‍ കപിലിന്റെ കടയിലെത്തിയത്. പൊറോട്ട നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം തീര്‍ന്നതിനാല്‍ കട അടച്ചതായി കപില്‍ ഇവരെ അറിയിച്ചു. ഭക്ഷണം തീര്‍ന്നതായി അറിയിച്ചതോടെ ഇവര്‍ കപിലുമായി തര്‍ക്കിക്കുകയും കടയില്‍ നിന്നും പുറത്തേക്ക് പോകുകയും ചെയ്തു.
വാക്കേറ്റത്തിന് പിന്നാലെ ഹോട്ടലില്‍ നിന്നും മടങ്ങിയ പ്രതികള്‍ പുലര്‍ച്ചെ 3.30ഓടെ തിരിച്ചെത്തി കപിലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവിന് വെടിയേറ്റെന്ന് വ്യക്തമായതോടെ പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചെയ്തു. പരി ചൌക്കിന് സമീപം ഓരാള്‍ക്ക് വെടിയേറ്റെന്ന സന്ദേശം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗ്രേറ്റര്‍ നോയിഡയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി 11 മുതല്‍ രാവിലെ 5 വരെയായിരുന്നു കര്‍ഫ്യൂ.
 

Latest News