Sorry, you need to enable JavaScript to visit this website.

ആരും വധഭീഷണി മുഴക്കിയിട്ടില്ല; എവിടെയും പരാതി നൽകിയിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ

മലപ്പുറം- തനിക്ക് വധഭീക്ഷണിയുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നൂറാം വാർഷികാഘോഷങ്ങളുടെ സമാപനസമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആരും വധഭീഷണി മുഴക്കിയിട്ടില്ലെന്നും മുത്തുകോയ തങ്ങൾ പറഞ്ഞു. ഒരു പ്രസംഗത്തിനിടെ തന്റെ വിദ്യാർഥികളോട് നിങ്ങൾ എന്ത് തരം ഭീഷണിയുണ്ടെങ്കിലും പിറകോട്ടു പോകരുത് എന്നാണ് പറഞ്ഞത്. ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ എതിരെ എവിടെയും പരാതി നൽകിയിട്ടില്ല. എവിടെയും വലുതാകാൻ ശ്രമിച്ചിട്ടില്ല. എനിക്ക് സ്വയം വളരാനോ ആളാകാനോ ചെയ്യാനുള്ള ഒരുപരിപാടിയും എവിടെയും ചെയ്തിട്ടില്ല. എനിക്കെതിരെ എന്ത് ആക്ഷേപം പറഞ്ഞാലും അതിനെല്ലാം പുല്ലുവിലയാണ് കൽപ്പിക്കുന്നത്. സമസ്തക്ക് വേണ്ടി പ്രവർത്തിക്കുന്നതിന്റെ പേരിൽ ഉന്നയിക്കുന്ന മുഴുവൻ ആരോപണങ്ങളെയും തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമസ്തയെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണത എല്ലാവരും അവസാനിപ്പിക്കണമെന്നും മുത്തുകോയ തങ്ങൾ പറഞ്ഞു.  
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൂർവ്വീകമായി പുലർത്തുന്ന രാഷ്ട്രീയ ബന്ധമുണ്ടെന്നും അതിന് വിള്ളലേറ്റിട്ടില്ലെന്നും തങ്ങൾ പറഞ്ഞു.വിവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലുള്ളവർ സമസ്തയിലുണ്ടാവാം.സമസ്ത രാഷ്ട്രീയ പാർട്ടികളുമായി പുലർത്തുന്ന അഭേദ്യ ബന്ധങ്ങളുണ്ട്.അത് സമസ്തയുമായി പൂർവികമായി തുടർന്നുവരുന്ന സുദൃഢ ബന്ധമാണ്.അതിന് വിള്ളലേറ്റിട്ടില്ല.അതിന് ആര് ശ്രമിച്ചാലും നടക്കുകയില്ല.മുസ്്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി ഭരണകൂടങ്ങളുമായി ബന്ധം തുടരാറുണ്ടെന്നും മതത്തിന്റെ ആദർശത്തിനെതിര് കണ്ടാൽ എതിർക്കാറുമുണ്ടെന്നും തങ്ങൾ പറഞ്ഞു.അനാവശ്യമായ ആക്ഷേപങ്ങളുന്നയിച്ച്  പരസ്പരമുള്ള ബന്ധം തെറ്റിക്കുന്ന നീക്കം പാടില്ല.സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം പ്രവർത്തനം നടത്തുന്നവരുടെ ലക്ഷ്യം ശരിയായതല്ല.സമസ്തയുടെ ആദർശങ്ങളെ സാമൂഹ്യമാധ്യമങ്ങളിൽ പരിഹസിക്കുന്നവർക്ക് സമസ്തയിൽ സ്ഥാനമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
മുൻഗാമികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നത് മതത്തിന്റെ അടിസ്ഥാനമാണമെന്നും ഉമ്മത്തിന്റെ വിശ്വാസം,ആചാരം,അനുഷ്ഠാനം എന്നിവ സംരക്ഷിക്കുകയാണ് സമസ്തയുടെ ദൗത്യം.മുസ്്ലിം സമുദായത്തിന് ശരിയായ മാർഗം കാണിച്ചുകൊടുക്കുകയെന്ന നയമാണ് സമസ്ത നിർവഹിക്കുന്നത്. സുന്നത്ത് ജമാഅത്തിന്റെ ആദർശത്തിന് വിരുദ്ധമായ മാർഗങ്ങളെ ആശയപരമായി നേരിടണം.പുത്തനാശക്കാരാണ് നവോഥാനം കൊണ്ടുവന്നതെന്ന വാദം തെറ്റാണ്.പുത്തനാശയങ്ങളിലേക്ക് വഴുതിപോവുന്നതിനെ തടയിടണം.വിശ്വാസത്തിന് കോട്ടംവരാത്ത വിധത്തിൽ മതസൗഹാർദ്ദവും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News