കൊണ്ടോട്ടി- ഒരിക്കൽ ഹജ് നിർവഹിച്ചവർക്കു പുറമെ, മൂന്ന് വർഷത്തിനിടെ ഉംറ നിർവഹിച്ചവർക്കും ഈ വർഷം മുതൽ ഹജിന് പോകാൻ 2000 റിയാൽ അധികം നൽകണം. മെഹ്റമില്ലാത്ത സാഹചര്യത്തിൽ സഹായിയായി പോകുന്ന തീർഥാടകനും ഈ വർഷം മുതൽ ഈ തുക ബാധകമാണ്. തുടർച്ചയായി ഉംറ നിർവഹിക്കുന്നവർക്ക് ഇത് നേരത്തെ ബാധകമാക്കിയിട്ടുണ്ടെങ്കിലും ഹജിന് ഇതാദ്യമാണ്.
ഹജ് സബ്സിഡി എടുത്തു കളഞ്ഞതിന് പിറകെ 2000 റിയാൽ അധികം നൽകേണ്ടിവരുന്നത് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ പുറപ്പെടുന്നവർക്ക് കനത്ത തിരിച്ചടിയാകും. മുൻവർഷത്തേക്കാളും അര ലക്ഷം രൂപയാണ് ഇതുമൂലം അധികം നൽകേണ്ടിവരിക. കഴിഞ്ഞ വർഷം വിമാന നിരക്കിന്മേൽ 10,500 രൂപ സബ്സിഡി ലഭിച്ചിരുന്നു.
ഹജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം അവസരം ലഭിച്ചവരിൽ പകുതിയിലേറെ പേരും മൂന്ന് വർഷത്തിനിടെ ഉംറ നിർവഹിച്ചവരാണ്. ഉംറ തീർഥാടനത്തിന് താരതമ്യേന ചെലവ് കുറവായതിനാൽ ഹജിന് മുമ്പ് ഉംറ നിർവ്വഹിച്ച് വരുന്നവരാണ് കൂടുതൽ പേരും.
കഴിഞ്ഞ വർഷം ഗ്രീൻ കാറ്റഗറിയിലുളളവർക്ക് 2,35,150 രൂപയും അസീസിയ്യ കാറ്റഗറിയിലുളളവർക്ക് 2,01,750 രൂപയുമായിരുന്നു ചെലവ് വന്നിരുന്നത്. എന്നാൽ ഈ വർഷം വിമാന നിരക്കിലെ വർധനക്കും സബ്സിഡി ഒഴിവാക്കലിനും മക്കയിലെ താമസ കെട്ടിടങ്ങളുടെ നിരക്ക് വർധനക്കും പുറമേയാണ് ഉംറയുടെ പേരിലുളള 2000 റിയാലിന്റെ അധികച്ചെലവ്. സംസ്ഥാന ഹജ് കമ്മിറ്റികൾക്ക് കീഴിലും സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കും നിയമം ബാധകമാണ്.