ന്യൂദൽഹി- 60 ലക്ഷം ടൺ സംഭരണ ശേഷിയോടെ ഇന്ത്യ നിർമിക്കാനുദ്ദേശിക്കുന്ന കൂറ്റൻ എണ്ണ സംഭരണ കേന്ദ്രത്തിന്റെ നിർമാണത്തിൽ പങ്കാളിത്തം വഹിക്കാൻ സൗദി അറാംകോക്ക് ക്ഷണം. അബുദാബിയിലെ അഡ്നോക്കുമായി നടത്തിയതു പോലുള്ള ഇടപാടാണ് ഇക്കാര്യത്തിൽ അറാംകോയുമായും നടത്താൻ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ന്യൂദൽഹിയിൽ സൗദി എണ്ണ മന്ത്രി ഖാലിദ് അൽഫലീഹുമായി നടത്തിയ ചർച്ചക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാൻ.
നിലവിൽ ഇന്ത്യക്കുള്ള മൂന്ന് എണ്ണ സംഭരണ കേന്ദ്രങ്ങളുടെ മൊത്തം ശേഷി 50 ലക്ഷം ടണ്ണാണ്. രണ്ടാം ഘട്ടമെന്ന നിലയിലാണ് വിവിധ സ്ഥലങ്ങളിലായി 60 ലക്ഷം ടൺ കൂടി സംഭരിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
ആന്ധ്രാ പ്രദേശിലെ കാക്കിനാഡയിൽ ആരംഭിക്കാനുദ്ദേശിക്കുന്ന കൂറ്റൻ ഓയിൽ റിഫൈനറിയുടെയും പെട്രോക്കെമിക്കൽ പദ്ധതിയുടെയും നിർമാണത്തിലും സൗദിയുടെ നിക്ഷേപ സാധ്യതകൾ മന്ത്രിമാർ ചർച്ച ചെയ്തു. പ്രതിദിനം 12 ലക്ഷം ബാരൽ സംസ്കരണ ശേഷിയുള്ള റിഫൈനറിയാണ് കാക്കിനാഡയിൽ നിർമിക്കുന്നത്. പദ്ധതിയിൽ സൗദി വലിയ താൽപര്യം പ്രകടിപ്പിച്ചതായും വിശദാംശങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും പ്രധാൻ പറഞ്ഞു.
ക്രൂഡോയിലും പ്രകൃതിവാതകവും ന്യായവിലക്ക് നൽകണമെന്ന് ചർച്ചയിൽ സൗദി മന്ത്രിയോട് പ്രധാൻ ആവശ്യപ്പെട്ടു. ഇരുകൂട്ടർക്കും ഗുണകരമായ വില നിശ്ചയിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡോയിൽ കയറ്റുമതി ചെയ്തിരുന്നത് സൗദി അറേബ്യയായിരുന്നെങ്കിലും കഴിഞ്ഞ വർഷം ആ സ്ഥാനം ഇറാഖ് സ്വന്തമാക്കിയിരുന്നു.