കേപ്ടൗണ്‍- വന്‍അഗ്നിബാധയില്‍ ദക്ഷിണാഫ്രിക്കയിലെ പാര്‍ലമെന്റായ നാഷനല്‍ അസംബ്ലി കത്തിനശിച്ചു. പാര്‍ലമെന്റെ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറുകള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളപായമുള്ളതായി റിപോര്‍ട്ടില്ല. എന്നാല്‍ അഗ്നിബാധയുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരികയാണെന്ന് പ്രസിഡന്റ് സിറില്‍ റമഫോസ പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഗ്നിബാധയുടെ തുടക്കം. പാര്‍ലമെന്റ് സമുച്ചയത്തിലെ ഏറ്റവും പഴക്കമുള്ള, 1884ല്‍ പണികഴിപ്പിച്ച മരനിര്‍മിതികളുള്ള കെട്ടിടത്തില്‍ നിന്നാണ് തീപടര്‍ന്നത്. ഓള്‍ഡ് അസംബ്ലി കെട്ടിടത്തിന്റെ മേല്‍ക്കൂര കത്തിമയമര്‍ന്ന് തകര്‍ന്നു വീണു. ചരിത്ര പ്രാധാന്യമുള്ള ഈ കെട്ടിടത്തില്‍ നിരവധി അപൂര്‍വ പുസ്തകങ്ങളുടേയും മറ്റും ശേഖരമുണ്ടായിരുന്നു. മുന്‍ ആഫ്രിക്കാന്‍ ദേശീയ ഗാനത്തിന്റെ യഥാര്‍ത്ഥ പകര്‍പ്പും ഇവിടെ സൂക്ഷിച്ചിരുന്നു. പല ചരിത്ര പൈതൃക രേഖകളും കത്തിനശിച്ചതായി പ്രസിഡന്റ് പറഞ്ഞു.