ന്യൂദല്‍ഹി- പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള രഹസ്യ നിരീക്ഷണത്തിന് തങ്ങള്‍ എന്ത് കൊണ്ട് ഇരയാക്കപ്പെട്ടു എന്ന് ഇരകള്‍ തന്നെ വ്യക്തമാക്കണമെന്ന് അന്വേഷണ സമിതി. തങ്ങളുടെ ഫോണുകള്‍ പെഗസസ് ഉപയോഗിച്ച് ചോര്‍ത്തി എന്ന് സംശയമുള്ളവരെല്ലാം ജനുവരി ഏഴിനകം വിവരം നല്‍കണമെന്നാണ് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക അന്വേഷണ സമിതി പൊതു അറിയിപ്പ് പ്രസിദ്ധീകരിച്ചത്. ഫോണുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും സമിതി അറിയിച്ചു.
പെഗസസ് ചാരവൃത്തി രാജ്യത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രണ്ട് കേന്ദ്ര മന്ത്രിമാര്‍, മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍, സുപ്രീം കോടതിയുടെ രണ്ട് രജിസ്ട്രാര്‍മാര്‍, ഒരു മുന്‍ ജഡ്ജി, മുന്‍ അറ്റോര്‍ണി ജനറലിന്റെ അടുത്ത സുഹൃത്ത്, 40 മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ പെഗസസ്ഉപയോഗിച്ച് രഹസ്യമായി ചോര്‍ത്തുകയും നിരീക്ഷിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇന്ത്യയില്‍ ഇതുപയോഗിച്ച് 142ലേറെ പേര്‍ ചാരവൃത്തിക്ക് ഇരയായി എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഇസ്രായിലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച സ്‌പൈവെയറാണ് പെഗസസ്. ഇത് സര്‍ക്കാരുകള്‍ക്ക് മാത്രമെ വില്‍ക്കുന്നുള്ളൂ എന്നാണ് കമ്പനി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി ഇതു വാങ്ങി പ്രതിപക്ഷ നേതാക്കളേയും എതിരാളികളേയും നിരന്തരം നിരീക്ഷിക്കുകയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.