ന്യൂദല്‍ഹി-ഐഎസ്ആര്‍ഒ ചാരപ്രവര്‍ത്തനത്തിനു പിന്നില്‍ പാകിസ്ഥാന്റെ കരങ്ങളെന്ന് ആരോപണം. ഐഎസ്ആര്‍ഒ ചാരപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യുറോ ഡയറ്കടര്‍ ഡി.സി.പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറാണ് ആവശ്യപ്പെട്ടിരിക്കുന്നത്.റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ചാരന്മാര്‍ക്ക് പിന്നില്‍ പാക് രഹസ്യന്വേഷണ ഏജന്‍സികളായിരുന്നുവെന്ന് വ്യക്തമാകുമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ശ്രീകുമാര്‍ അവകാശപ്പെട്ടിരിക്കുന്നു. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതിയായ ആര്‍.ബി. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്റിലിജന്‍സ് ബ്യുറോ ഡയറക്ടറായിരുന്ന ഡി.സി.പാഠക് 1994 ഒക്ടോബറിനും, ഡിസംബറിനുമിടയില്‍ പത്ത് റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. നിര്‍ണ്ണായകമായ പല വെളിപ്പെടുത്തലുകളും ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്ക് മനസിലാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം എന്ന് ശ്രീകുമാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിന്റെ 71 വീഡിയോ കാസറ്റുകള്‍ പരിശോധിക്കണം എന്നും ശ്രീകുമാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരള പോലീസ് അന്വേഷണം ആരംഭിച്ച് പതിനഞ്ചാം ദിവസം സിബിഐയ്ക്ക് കൈമാറിയതാണ്. നിരവധി തെളിവുകള്‍ ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം സിബിഐ പെട്ടെന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ജസ്റ്റിസ് ഡി.കെ.ജയിന്‍ സമിതി നമ്പി നാരായണനോട് മാത്രമാണ് സംസാരിച്ചത്. ചാരക്കേസ് അന്വേഷിച്ച ഐബി ഉദ്യോഗസ്ഥരോടോ, പോലീസ് ഉദ്യോഗസ്ഥരോടോ സംസാരിച്ചിട്ടില്ല. അതിനാല്‍ തന്നെ ആ റിപ്പോര്‍ട്ട് മുഖവിലയ്ക്ക് എടുക്കരുത് എന്നും ശ്രീകുമാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തനിക്ക് നമ്പിനാരായണനോട് മുന്‍വൈരാഗ്യം ഇല്ല. താന്‍ ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. കസ്റ്റഡിയില്‍ പീഡിപ്പിച്ചു എന്ന ആരോപണം നമ്പി നാരായണന്‍ നേരത്തെ ഉന്നയിച്ചിട്ടില്ല. കസ്റ്റഡി പീഡനം ഉണ്ടായതായി സിബിഐയും നേരത്തെ പറഞ്ഞിട്ടില്ല. ഐഎസ്ആര്‍ഒയോ കേന്ദ്ര സര്‍ക്കാരോ ഇങ്ങനെ ഒരു അഭിപ്രായം നേരത്തെ പറഞ്ഞിട്ടില്ല. സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.എം.സിംഗ് നടത്തിയ അന്വേഷണത്തിലും കസ്റ്റഡി പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആര്‍.ബി.ശ്രീകുമാര്‍ വിശദീകരിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതികളായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി.ശ്രീകുമാര്‍, എസ്.വിജയന്‍, തമ്പി എസ്.ദുര്‍ഗ്ഗാദത്ത്, പി.എസ്.ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ എ.എം.ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ ഹര്‍ജി പരിഗണിക്കുന്നത്.