Sorry, you need to enable JavaScript to visit this website.

ആറായിരം എന്‍.ജി.ഒകളുടെ വിദേശ ഫണ്ട് നിലക്കും

ന്യൂദല്‍ഹി- ആറായിരത്തോളം എന്‍.ജി.ഒകളുടെയും മറ്റ് സംഘടനകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ്  ശനിയാഴ്ചയോടെ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.

ഈ ആറായിരത്തോളം വരുന്ന എന്‍.ജി.ഒകളില്‍ ഭൂരിപക്ഷവും എഫ്.സി.ആര്‍.എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് ഈ സംഘടകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും എങ്കിലും പല സംഘടനകളും അപേക്ഷിക്കാന്‍ തയാറായില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് കഴിഞ്ഞ മാസങ്ങളില്‍ കാലാവധി കഴിഞ്ഞിരുന്നു.  ഇവര്‍ക്കെല്ലാം ലൈസന്‍സ് നഷ്ടമാകും. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നീ എന്‍.ജി.ഒകളും ഉള്‍പ്പെടുന്നതാണ് ഈ പട്ടിക.

ഒക്സ്ഫാം ഇന്ത്യ ഉള്‍പ്പടെ ഉള്ളവക്ക് എഫ്.സി.ആര്‍.എ ലൈസന്‍സ് നഷ്ടമാവുമെങ്കിലും രജിസ്ട്രേഷന്‍ നഷ്ടമാവുകയില്ല. ആകെ 22,762 എന്‍.ജി.ഒകളാണ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 16,829 എന്‍.ജി.ഒകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടുണ്ട്.

 

Latest News