Sorry, you need to enable JavaScript to visit this website.

മുറിവുണ്ടാക്കാത്ത ഗര്‍ഭാശയ ശസ്ത്രക്രിയ ഇനി കേരളത്തിലും സാധ്യം

കണ്ണൂര്‍- ലാപ്രോസ്‌കോപിക് സര്‍ജറി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ശരീരത്തില്‍ ചെറിയ മുറിവ്‌പോലും സൃഷ്ടിക്കാത്ത നൂതന രീതിയായ വിനോട്‌സ് സംവിധാനം കേരളത്തിലാദ്യമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു.  
ഗര്‍ഭപാത്രത്തില്‍ മുഴയും അമിത രക്തസ്രാവവുംമൂലം ബുദ്ധിമുട്ടനുഭവിച്ച 44 വയസ്സുകാരിയില്‍ ആണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ആദ്യമായി ചികിത്സാരീതി വിജയകരമായി നിര്‍വ്വഹിച്ചത്. സര്‍ജറിയുടെ തൊട്ടടുത്ത ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്തു. വേദനയും മറ്റ് ബുദ്ധിമുട്ടുകളും താരതമ്യേന വളരെ കുറവാണെന്ന് അവര്‍ പറഞ്ഞു.
ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭാശയ മുഴ നീക്കം ചെയ്യല്‍, അണ്ഡവാഹനി കുഴല്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കാണ് വിനോട്‌സ് കൂടുതല്‍ അനുയോജ്യമാകുന്നത്. ശരീരത്തിലെ പ്രകൃതിദത്തമായ സ്വാഭാവിക സുഷിരങ്ങളിലൂടെ ലാപ്രോസ്‌കോപ് കടത്തിവിട്ട് താക്കോല്‍ദ്വാര ശസ്ത്രക്രിയാ രീതിയിലൂടെയാണ് വിനോട്‌സ് നിര്‍വഹിക്കുന്നത്. ഈ ശസ്ത്രക്രിയക്ക് ലാപ്രോസ്‌കോപിക് രീതിയിലുള്ളതിനേക്കാള്‍ വേദന കുറവാണ്. മാത്രമല്ല, ചെറിയ മുറിവ്‌പോലും ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഏറ്റവും വേഗത്തില്‍ സ്വാഭാവിക ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്, ഹോസ്പിറ്റല്‍വാസം കുറവ്, വേദന സംഹാരികളുടെ ആവശ്യം വളരെ കുറവ് മുതലായവയെല്ലാം ഈ ചികിത്സാ രീതിയുടെ സവിശേഷതകളാണ്.
2012 ല്‍ തായ്‌വാനിലാണ് ഈ ശസ്ത്രക്രിയ ആദ്യം വിജയകരമായി നടത്തിയത്. ഇന്ത്യയില്‍, മഹാരാഷ്ട്രയിലാണ് ആദ്യ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ വൈദഗ്ധ്യം ആണ് ഈ ചികിത്സാരീതിയില്‍ ഏറ്റവും പ്രധാനം. ഡോ. അയിഷ (കണ്‍സള്‍ട്ടന്റ് സര്‍ജന്‍), ഡോ. സാഗരിക, ഡോ.അയിഷ, ഡോ. ശ്രീദേവി , ഡോ. സുപ്രിയ രഞ്ജിത്ത് അനസ്തറ്റിസ്റ്റുമാരായ ഡോ.ശരത്, ഡോ.റാഷിഫ്, സിസ്റ്റര്‍ അംബിക എന്നിവര്‍ ശാസ്ത്രക്രിയക്ക് നേതൃത്വം നല്‍കി.

 

 

Latest News