'ചാകര, കടപ്പുറത്തിനി ഉത്സവമായ് ഹേ, ചാകര' എന്ന പാട്ടു കേൾക്കാത്തവരില്ല. കാര്യവിവരമുള്ളവർ അതു കേൾക്കുമ്പോൾ നാട്ടിലെ അക്കാദമികളുടെയും അവാർഡ് കമ്മിറ്റികളുടെയും കാര്യങ്ങൾ ഓർക്കും. അവയേക്കാൾ ബല്യ ചാകരയുണ്ടോ? ഇവിടെ രണ്ടു നാമനിർദേശങ്ങൾ പുറത്തിറങ്ങിയതോടെ ഭരണകക്ഷിയിലാകെ കാറ്റും കോളിളക്കവുമാണ്. ഇങ്ങനെ പോയാൽ 'ചിച്ചാത്തിക്കുട്ടപ്പനും റൗഡി രാമുവും ചട്ടമ്പിക്കല്യാണിയു'മൊക്കെ ചെയർപേഴ്‌സന്മാരാകുമല്ലോ എന്നാണ് അകത്തെ വിലാപം. കേഡർ പാർട്ടിക്കാർക്ക് പരസ്യമായി വിലപിക്കുവാൻ അവകാശമില്ല. മുമ്പൊരിക്കൽ ലളിത കലകളുമായി പുലബന്ധം പോലുമില്ലാത്ത ഒരുവനെ ഒരു അക്കാദമി കാര്യദർശിയായി തൃശൂരിലേക്കയച്ച സംഭവമുണ്ട്. അങ്ങോർക്ക് ആ രംഗവുമായി എന്തു പരിചയമാണുള്ളത് എന്ന് പാർട്ടിയിലെ യുവതുർക്കികൾ ചോദിച്ചും ക്ഷോഭിച്ചും മുന്നോട്ടു ചാടി. മന്ത്രിയാകട്ടെ, ഒരു 'റെഡിമെയ്ഡ്' മറുപടി പോക്കറ്റിൽ തന്നെ കരുതിയിരുന്നു; അതിങ്ങനെ- 'അയാൾക്ക് ഒരു കലയെയും കലാകാരനെയും കുറിച്ച് ഒന്നുമറിയില്ല. പിന്നെ അയാളെ ആരു സ്വാധീനിക്കാനാ? അതുകൊണ്ട് അവിടെ നൂറു ശതമാനം നിഷ്പക്ഷമായ തീരുമാനങ്ങൾ ഉണ്ടാകും.' മന്ത്രിയുടെ ബുദ്ധി എപ്പടി?
നമ്മുടെ സംഗീത നാടക അക്കാദമിയിൽ ആശങ്കയ്ക്കു സ്ഥാനമില്ല; ആശക്കും. എം.ജി. ശ്രീകുമാറാണത്രേ ചെയർമാൻ. 2016 ൽ കഴക്കൂട്ടം മണ്ഡലത്തിൽ വി. മുരളീധരനെ ജയിപ്പിക്കാനായി പ്രചാരണം ഉദ്ഘാടനം ചെയ്ത ദേഹമാണ്. ഭാഗ്യവശാൽ അദ്ദേഹം തോറ്റു കേന്ദ്ര മന്ത്രിയായി. സംഭവ ശേഷം ശ്രീകുമാർ പരിവാരങ്ങളുടെ പാർട്ടി ഓഫീസിൽ കയറിയതായി രേഖയില്ല. പിന്നീട് സായാഹ്ന സവാരി പാളയം പരിസരങ്ങളിലേക്കു ചുരുക്കിയത്രേ! (പെട്രോളിന്റെ വില അത്രയ്ക്കുണ്ടല്ലോ.) ഇതിൽ കൂടുതൽ അഗ്നിശുദ്ധി വരുത്തേണ്ടതുണ്ടോ?
പിന്നെ, യോഗ്യതയുടെ പ്രശ്‌നോത്തരിയായി ശത്രുപക്ഷത്തുനിന്നും! അങ്ങോരുടെ ശുദ്ധതുല്യർ പോലും ഒരു ഡസനിലേറെ സീനിയറന്മാരുണ്ട്, സ്വന്തം ചേച്ചി ഉൾപ്പെടെ. പക്ഷേ, മുകേഷും കെ.പി.എ.സി ലളിതയും ഇരുന്ന കസേരയിൽ കയറി ഇരിക്കാൻ ആരെങ്കിലും ഒന്നു തയറാകണ്ടേ? എല്ലാവരും ഖാദി ബോർഡിന്റെ പേര് കേട്ട ചെറിയാൻ ഫിലിപ്പിനെപ്പോലെ ആയാൽ പാവം സർക്കാരെന്തു ചെയ്യും? ശ്രീക്കുട്ടന് സംഗീതം മാത്രമല്ല, നാടകവും നല്ല വശമാണെന്ന് അടുപ്പക്കാർക്കറിയാം. സി.പി.എമ്മിന്റെ സമുന്നത നേതാവിനെ കാണുമ്പോൾ 'മാസ്‌ക്' വലിച്ചൂരി മുഖം കാണിക്കുന്ന ഏർപ്പാടുണ്ടായിരുന്നു എന്ന് അസൂയാലുക്കൾ പാണന്റെ പഴംപാട്ടു മാതൃകയിൽ പാടി നടക്കുന്നുണ്ട്; കാര്യമാക്കണ്ട. ഇനി പുറത്തിറങ്ങാൻ പോകുന്ന നാമനിർദേശങ്ങൾ കേട്ട് പൂർവാധികം ഞെട്ടാൻ തയാറായിരിക്കുക എന്നേ പറയാനുള്ളൂ. 'ലോലഹൃദയർ ഈ ചിത്രം കാണരുത്' എന്നു ചില സിനിമാ പരസ്യങ്ങളിൽ കാണുന്നതു പോലെ, ഒരു 'കരുതൽ' നന്നായിരിക്കും.
**** **** ****
ഇംഗ്ലണ്ടിലെ യാഥാസ്ഥിതിക പാർട്ടി മുത്തശ്ശിക്കു പ്രായം 188. ഇന്ത്യയിലെ മുത്തശ്ശി ഡിസംബർ 28 നു 137 വയസ്സ് കടന്നുകൂടി. വാർധക്യം വല്ലാതെ പിടികൂടിയിരിക്കുന്നു. കുടുംബത്തിൽ നിറയെ അന്തഛിദ്രം. ഇവിടെ കുടുംബനാഥ സോണിയ മുത്തശ്ശി. മാഡത്തിന് ഉപമയും ഉത്‌പ്രേക്ഷയുമൊന്നും മനസ്സിലാകില്ല. ഉമ്മക്കറിയാത്തത് മക്കൾക്കും അറിയില്ല. 'ചോമ്പാലഗാന്ധി' മുല്ലപ്പള്ളിക്കാകട്ടെ ഒട്ടും പിടികിട്ടുകില്ല. 'നീതി ആയോഗിന്റെ വാർഷിക റിപ്പോർട്ടിൽ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തു നിൽക്കുന്നതു കണ്ട് ശശി തരൂർ ആഹ്ലാദിച്ചു. അതൽപം ഉറക്കെയായിപ്പോയെന്നു മാത്രം. പട്ടികയിൽ ഏറ്റവും ഒടുവിലായി മുഖം പൊത്തി നിൽക്കുന്ന യു.പി സർക്കാരിനെ തരൂർ കണ്ടുപിടിച്ചു. മറ്റു കോൺഗ്രസുകാർ കണ്ടില്ല. വായനാശീലം പണ്ടേയില്ല. യോഗി ആദിത്യനാഥ് പിണറായിയെ കണ്ടു പഠിക്കണമെന്ന് തരൂർ ഒന്നു ട്വീറ്റ് ചെയ്തു. ഇതിനേക്കാൾ ഭേദം നാട്ടിലെ കോൺഗ്രസ് നേതൃത്വത്തിന്റെ കരണത്ത് ഒന്നു പൂശുന്നതായിരുന്നു. പിണറായിയുടെ തലയിലൂടെ ഇഴഞ്ഞു നടക്കുന്ന സിൽവർ ലൈനിനെ കൈയോടെ പിടികൂടാൻ ഊണും ഉറക്കവും മറ്റു പലതും ഉപേക്ഷിച്ചു കഴിയുമ്പോഴാണ് ആഗോള പൗരന്റെ ഈ കടുംകൈ! കോൺഗ്രസിലേക്ക് സംഘ്പരിവാറിന്റെ കടന്നുകയറ്റത്തിന് ഇതിൽപരം തെളിവു വേണോ എന്നു പിണറായി, കോടിയേരി സഹോദരങ്ങൾ ചോദിക്കാനുള്ള കളമൊരുങ്ങുകയായിരുന്നു പിന്നാലെ. സുധാകര ഗുരുവിന്റെ മൊഴി ശ്രദ്ധിച്ചാലറിയാം അപകടം- ഒന്നുകിൽ പാർട്ടിക്കു വിധേയനാകണം, അല്ലെങ്കിൽ പുകഞ്ഞ കൊള്ളിപുറത്ത് എന്നാണതിന്റെ സാരം.
ഒരു വിശ്വപൗരനെ 'സ്വയം വിരമിക്കൽ' നോട്ടീസു കൊടുത്തു പിരിച്ചുവിട്ടു എന്ന പേരുദോഷം ഒഴിവാക്കണം; അതിനാൽ തരൂരിന്റെ കാര്യം കേന്ദ്ര നേതൃത്വത്തിന്റെ പിടലിയിലേക്കു വെച്ചുകൊടുത്തു. വലിയൊരു സ്‌ഫോടന ശബ്ദം കേൾക്കാനായി വെള്ളയമ്പലത്തും ദില്ലിയിലെ അക്ബർ റോഡിലും ചെവികൂർപ്പിച്ചു പതുങ്ങി നിൽപാണ് കോടിയേരിയുടെയും ഉള്ള സുരേന്ദ്രന്റെയും ദൂതന്മാർ. ചിന്ന ചിന്ന ഏറുപടക്കങ്ങളുടെ ഒച്ചയല്ലാതെ ഒന്നും കേട്ടില്ല. തരൂരിന് നേതൃത്വം ഒരു കത്തു കൊടുത്തുവെങ്കിലും, ഭയചകിതരായി കഴിയുകയാണ്. കോൺഗ്രസിന്റെ 'നീതിമന്റ'ത്തിനു മുമ്പാകെ നൽകാൻ പറ്റിയ കടുംകട്ടിയായ പദങ്ങൾ തിരയുകയാണ് തരൂർജി. വി.ഡി. സതീശനാശാനോടുള്ള വാത്സല്യം നിമിത്തം അദ്ദേഹം എന്തോ 'മരുന്നുകുറപ്പടി' പോലെ ഏൽപിച്ചുവെന്നാണ് വിവരം. അതിനു ശേഷം സതീശമുഖം മ്ലാനമാണ്. ഒന്നും മനസ്സിലായില്ലെന്നു കണ്ടാലറിയാം.
ദുരൂഹമായ പലതും സംഭവിക്കുന്നുണ്ട്. 137 ാം ജന്മദിനത്തിൽ മൂവർണക്കൊടി ഉയർത്തി സോണിയാ മാഡത്തിന്റെ ഉള്ളിലിരിപ്പ് ഇപ്പോഴും വ്യക്തമല്ല. വരുംദിവസങ്ങളിൽ എന്തെങ്കിലും സംഭവിക്കാം. ദില്ലിയിൽ ബി.ജെ.പിയുടെ ആസ്ഥാന ജ്യോത്സ്യന്മാർ ലഡുവും ജിലേബിയും വിതരണം ചെയ്തുവത്രേ!
**** **** ****
പല പോലീസ് ഏമാന്മാർക്കും സർവീസ് കാലത്തിന്റെ അന്ത്യത്തിൽ കഷ്ടകാലം പിടിപെടാറുണ്ട്. എന്നാൽ പോലീസിനു മൊത്തം കഷ്ടകാലമായാലോ? സ്റ്റേഷനകത്തും പുറത്തും വെച്ച് ഏമാന്മാർ തല്ലുകൊളളുന്നു. ജീപ്പിൽ പോകുമ്പോൾ മമ്മൂട്ടി - മോഹൻലാൽ കഥാപാത്രങ്ങൾ വഴി തടഞ്ഞു 'പെരുമാറുന്നു.' കിഴക്കമ്പലത്തെ അന്യദേശത്തൊഴിലാളികൾ പെരുമാറിയ രംഗം കണ്ടവർ ഏതോ രാജ്യത്ത് ആഭ്യന്തര വിപ്ലവം നടക്കുകയാണെന്നു പോലും ധരിച്ചിരിക്കാം. ഇനി പോലീസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തണമെങ്കിൽ ഭവന സന്ദർശനം വേണ്ടിവരും. തൊഴിലാളികൾ ഇത്രയധികം മർദനമുറകൾ എങ്ങനെ സ്വന്തമാക്കി എന്നന്വേഷിക്കുന്നതിന് എത്ര കമ്മീഷനെ നിയമിച്ചാലും അധികമാവില്ല. 2015 നു ശേഷം സംസ്ഥാന പോലീസ് നവീകരണത്തിന് 143 കോടി രൂപയാണ് ദില്ലിയിൽ നിന്നും എത്തിയതത്രേ! പക്ഷേ, പോലീസാണെങ്കിൽ സർക്കാർ സ്‌കൂളിൽ പോകുന്ന കുട്ടികളെപ്പോലെ തന്നെ അന്നും ഇന്നും. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയുന്നതിന് ഏതെങ്കിലും വിവരാവകാശ പ്രവർത്തകൻ അപേക്ഷ നൽകിയാൽ, ഓനെ കൈയോടെ പിടിച്ച് അകത്താക്കണം. കൈ തല്ലിയൊടിച്ചാലും വേണ്ടില്ല. സംസ്ഥാനത്തിന്റെ പ്രതിഛായ തകർക്കാനായി ഇറങ്ങിയിരിക്കുന്നു!
**** **** ****
'ഒരു മൂന്നര കൊല്ലം കൂടി ക്ഷമിച്ചേ തീരൂ. ഏതായാലും ഇനിയൊരു തവണ കൂടി വിശ്വപൗരനെ താങ്ങാനുള്ള ശേഷി പാർട്ടിക്കില്ല' -എന്നു കെ. മുരളീധരൻ പറഞ്ഞതിൽ ഗൂഢാർഥമുണ്ട്. അടുത്ത തവണ തലസ്ഥാന സീറ്റ് താൻ നോക്കിക്കോളും. തരൂരും ഉണ്ണിത്താനും തള്ളണ്ട. കൊള്ളാം! പക്ഷേ, തലസ്ഥാന മേയറായ ആര്യാരാജേന്ദ3നെ വിമർശിക്കുന്നത് അൽപം കടന്നുപോകുന്നില്ലേ? ആ കുട്ടിക്ക് രാഷ്ട്രീയമായി പ്രായപൂർത്തിയാകാൻ ഇനിയും സമയമെടുക്കും. തൃശൂരിലെ വർഗീസു മേയറേക്കാൾ ഭേദമല്ലേ എന്ന് ഇടതുമുന്നണി ആശ്വസിക്കുന്ന കാര്യം അറിയില്ലേ? ആട്ടെ, മുരളിക്കു തന്നെ രണ്ടോ മൂന്നോ തെരഞ്ഞെടുപ്പുകൾക്കു ശേഷമല്ലേ പ്രായപൂർത്തിയായത്? അതു മറക്കരുത്.