ബില്ല് ചോദിച്ചതില്‍ പ്രതിഷേധം, റോഡരികില്‍ മദ്യമൊഴുക്കി വിദേശി

തിരുവനന്തപുരം- ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസ സ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയോട് ബില്ല് ചോദിച്ചതിന് മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധം.

കോവളത്താണ് സംഭവം. സ്റ്റീവ് എന്ന വിദേശിയാണ് പുതുവര്‍ഷത്തലേന്ന് റോഡില്‍ പ്രതിഷേധിച്ചത്.  കുറച്ച് ദിവസമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റീവ് മുറിയില്‍ പുതുവത്സരം ആഘോഷിക്കാനായാണ് ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങിയത്. ഇതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടഞ്ഞുനിര്‍ത്തി ബാഗ് പരിശോധിച്ചു.

ബാഗില്‍ ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് വാങ്ങിയ രണ്ട് കുപ്പി മദ്യമുണ്ടായിരുന്നു. ഇതിന്റെ ബില്ല് പോലീസ് ചോദിച്ചെങ്കിലും ബില്ല് സ്റ്റീവ് കയ്യില്‍ കരുതിയിരുന്നില്ല. ബില്ലില്ലെന്ന് അറിയിച്ചപ്പോള്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്. പോലീസ് കര്‍ശന നിലപാട് എടുത്തതോടെ അതില്‍ ഒരു കുപ്പി മദ്യം സ്റ്റീവ് റോഡരികില്‍ ഒഴിച്ചു കളഞ്ഞു.

സമീപത്തുള്ള ചില ചെറുപ്പക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബില്ല് ഹാജരാക്കിയാല്‍ മതിയെന്നും പോലീസ് പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റീവ് അത് പോലീസിന് കാണിച്ചു കൊടുത്തു.

 

Latest News