റിയാദ് - നാടിനെ നടുക്കി ഇറാഖിലെ ബാബിലോണിൽ മക്കൾ അടക്കം സ്വന്തം കുടുംബത്തിലെ 18 പേരെ വെടിവെച്ചു കൊലപ്പെടുത്തി ഭീകരൻ ജീവനൊടുക്കി. സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരൻ സ്വന്തം കുടുംബാംഗങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ 12 പേർ കുട്ടികളാണ്. ഭീകരവാദ കേസ് പ്രതി വീട്ടിൽ ഒളിച്ചുകഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ വകുപ്പുകൾ സ്ഥലത്തെത്തി വീട് വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല.
തുടർന്ന് രണ്ടു മണിക്കൂർ നേരം ഭീകരനും സുരക്ഷാ സൈനികരും ഏറ്റുമുട്ടി. ഭീകരൻ നടത്തിയ വെടിവെപ്പിൽ രണ്ടു സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. അവസാനം സുരക്ഷാ വകുപ്പുകൾ ബലംപ്രയോഗിച്ച് വീടിനകത്ത് പ്രവേശിച്ചപ്പോഴാണ് മുഴുവൻ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ആകെ 18 പേരാണ് കൊല്ലപ്പെട്ടത്. കുട്ടികളെല്ലാവരും ശിരസ്സുകളിൽ വെടിയേറ്റാണ് മരിച്ചത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഭീകരൻ ജീവനൊടുക്കുകയായിരുന്നെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്വന്തം വീടിനകത്ത് കുട്ടികളടക്കം 18 പേർ രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.