ന്യൂദല്‍ഹി-ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആളുകള്‍ പൗരത്വം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ആറ് ലക്ഷത്തോളം ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. ഇതില്‍ 40 ശതമാനം ആളുകളും യുഎസിലേക്കാണ് പോയത് എന്നാണ് രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലും കാനഡയിലുമുള്ള ഇന്ത്യാക്കാരാണ് പൗരത്വം വേണ്ടെന്ന് വയ്ക്കാന്‍ അപേക്ഷിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചവരും ഉള്‍പ്പെടുന്നു. ഇതിന് പുറമെ, പോര്‍ച്ചുഗല്‍, മാള്‍ട്ട, സൈപ്രസ് എന്നീ രാജ്യങ്ങളില്‍ താമസമാക്കിയവരും ഉള്‍പ്പെടുന്നു.
മറ്റൊരു രാജ്യത്തിന്റെ പൗരന്മാരാകുന്ന പക്ഷം ഇവര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കേണ്ടിവരും. എന്തെന്നാല്‍, രാജ്യം ഇരട്ട പൗരത്വം നല്‍കുന്നില്ല. അതേസമയം, അവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനോ ജോലി ചെയ്യാനോ ബിസിനസ്സ് ചെയ്യാനോ പ്രാപ്തരാക്കുന്ന ഒരു ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കും. 2017 മുതല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏറ്റവുമധികം ആളുകള്‍ പൗരത്വം ഉപേക്ഷിച്ചിരിക്കുന്നത് 2019ലാണെന്നാണെന്നാണ് റിപ്പോര്‍ട്ട്. 1,44,017 പേരാണ് പൗരത്വം ഉപേക്ഷിച്ചിരിക്കുന്നത്. ഏറ്റവും കുറവ് 2020ലാണ് 85,248 പേര്‍ മാത്രമാണ് ഇത്തരത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍, 2021 ലെ കണക്കുകളും ഉയര്‍ന്ന നിലയിലാണ് വന്നിരിക്കുന്നത്.
2019 ല്‍ 7000 പണക്കാരായ ആളുകളും ഇന്ത്യ വിട്ട് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്ലോബല്‍ വെല്‍ത്ത് മഗ്രേഷന്‍ റിവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപവര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇത് രാജ്യത്തെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളില്‍ 2 ശതമാനത്തോളം വരും.
ലോകരാജ്യങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവുമധികം പണക്കാര്‍ ഇത്തരത്തില്‍ പൗരത്വം ഉപേക്ഷിച്ചത് ചൈനയില്‍ നിന്നാണ്. 16,000 പേരാണ് ഇത്തരത്തില്‍ മാറിയത്. രണ്ടാമത് 7,000 പേരുമാണ് പൗരത്വം ഉപേക്ഷിച്ചത്. റഷ്യയില്‍ നിന്നും 5,500 പണക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്.
ഗ്രീസ്, പോര്‍ച്ചുഗല്‍ പോലുള്ള 26 ഷെന്‍ഗന്‍ സോണ്‍ രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കുന്ന പ്രക്രിയയിലൂടെ വസ്തു വാങ്ങുന്നതിനുള്ള എളുപ്പത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുന്ന നിക്ഷേപ കുടിയേറ്റ പരിപാടികളെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സ് അഡ്വൈസറി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് പറഞ്ഞു. 2021ലെ ആദ്യ പാതിയില്‍ 30 ശതമാനത്തോളം ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ ലഭിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 62 ശതമാനമായിരുന്നു.പാസ്‌പോര്‍ട്ട് സൂചിക ഉയര്‍ന്നാല്‍, കുടിയേറ്റത്തിന്റെയും ഒദ്യോഗിക തലത്തിലുള്ള കാലതാമസങ്ങളും ഇല്ലാതെ നിരവധി രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭിക്കും.
ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ റാങ്ക് എന്നത് 85 ആണ്. നിലവില്‍ വിസാ രഹിതമായോ, ഓണ്‍ അറൈവല്‍ വിസ ആനുകൂല്യങ്ങളിലൂടെയോ പോകാന്‍ പറ്റുന്നത് 58 രാജ്യങ്ങളില്‍ മാത്രമാണ്. അതേസമയം, ഒരു ഇന്ത്യന്‍ വംശജന്‍ പോര്‍ച്ചുഗലിലേക്കോ ഗ്രീസിലേക്കോ താമസം മാറിയാല്‍ ഇത്തരത്തില്‍ 84 രാജ്യങ്ങളിലേക്ക് വിസാരഹിതമായി പ്രവേശനം ലഭിക്കുമെന്നതും ഇത്തരത്തില്‍ പൗരത്വം ഉപേക്ഷിക്കാന്‍ കാരണമാക്കുന്നു.