ന്യൂദല്‍ഹി- മുസ്ലിംകള്‍ നമസ്‌കാരം ഒരു ശക്തി പ്രകടനമാക്കരുതെന്നും അത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ തന്നെ നിര്‍വഹിക്കണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. അതേസമയം പട്ടോഡിയില്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം പരിപാടികള്‍ തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ് അംഗങ്ങളുമായി സംവദിക്കവെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഖട്ടര്‍. ഗുഡ്ഗാവില്‍ നിരന്തരം വെള്ളിയാഴ്ച നമസ്‌കാരം ഹിന്ദുത്വ തീവ്രവാദികള്‍ തടയുന്നതിനെ കുറിച്ചും പട്ടോഡിയില്‍ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കിയതിനെ കുറിച്ചുമായിരുന്നു ചോദ്യം.
പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം നടത്തുന്നത് അനുചിതമാണ്. നമസ്‌കാരം നമസ്‌കാരെ തന്നെ ആയിരിക്കണം, അത് ശക്തിപ്രകടനം ആയിമാറാന്‍ പാടില്ല. ജനങ്ങള്‍ക്ക് ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും സ്വാതന്ത്ര്യമുണ്ട് എന്നാല്‍ അത് അതിന്റേതായ സ്ഥലനങ്ങള്‍ ആയിരിക്കണം. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെങ്കില്‍ വിവിധ വിശ്വാസികളായ ആളുകള്‍ക്ക് പ്രാദേശിക ഭരണകൂടങ്ങളെ സമീപിച്ച് പരിഹരിക്കാവുന്നതാണ്- ഖട്ടര്‍ പറഞ്ഞു. പട്ടോഡിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ഉണ്ടായ സംഭവം ഒരിക്കലും പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇങ്ങനെ ഒരു പരിപാടി തടസ്സപ്പെടുത്തുന്നത് ശരിയല്ല- ഖട്ടര്‍ പറഞ്ഞു.