പഴയങ്ങാടി - പോത്തിന് വെള്ളം കൊടുക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ മൂന്നു പേരെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. മാട്ടൂൽ സൗത്തിലെ പി.പി.മുബഷി റി(36)നെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. മാട്ടൂൽ നോർത്ത് മൊയ്തീൻ പള്ളിക്ക് സമീപത്തെ യു.എ.അഷ്‌റഫ് (46), ഭാര്യ സാജിദ (38), മകൻ ആദിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ആദിലിനെ കുത്തുന്നത് തടഞ്ഞപ്പോഴാണ് പിതാവായ അഷ്‌റഫിന് കൈപ്പത്തിക്ക് പരിക്കേറ്റത്. ആദിലിന് ചുമലിനാണ് കുത്തേറ്റത്. വഴക്ക് തടയാനെത്തിയ സാജിദയെ പിടിച്ച് തള്ളിയിടുകയായിരുന്നു. ഇവർക്ക് കഴുത്തിനും ചുമലിനും പരിക്കേറ്റു. പരിക്കേറ്റവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ വളർത്തുന്ന പോത്തിന് വെള്ളം കൊടുക്കാനായി ഫോൺ വിളിച്ചതിനെ തുടർന്നാണ് പ്രശ്‌നം തുടങ്ങിയത്. വീട്ടിലെത്തിയ മുബഷിർ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ മുബഷിറും സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. അഷറഫിന്റെ ഭാര്യ സാജിദയുടെ പരാതി യിലാണ് മുബഷിറിനെതിരെ കേസെടുത്തത്. പരാതിക്കാരുടെ ബന്ധുകൂടിയാണ് പ്രതിയായ മുബഷീർ.