ന്യൂദൽഹി- ഒമിക്രോൺ വ്യാപനം പടരുന്ന സഹചര്യത്തിൽ കോവിഡ് വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനും എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര നിർദ്ദേശം. ദൽഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രാ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വൻ വർധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. 13,154 പുതിയ കേസുകളാണ് രാജ്യത്ത് വ്യാഴാഴ്ച റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഒമിക്രോൺ രോഗികളുടെ എണ്ണവും വ്യാഴാഴ്ച 961 ആയി വർധിച്ചിരുന്നു.ദൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ (263) റിപ്പോർട്ടുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ 252, ഗുജറാത്തിൽ 97, രാജസ്ഥാനിൽ 69, കേരളത്തിൽ 65, തെലങ്കാനയിൽ 62, എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട കേസുകൾ.
ദൽഹിക്ക് പുറമെ മുംബൈ, ഗുർഗാവ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തി. മുംബൈയിൽ ബുധനാഴ്ച 2510 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് 82 ശതമാനം വർധനയാണിത്.