ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബില്‍ സുപ്രധാന റാലി നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തിപരമായ ആവശ്യത്തിന് ഇറ്റലിയിലേക്ക് പോയത് എതിരാളികള്‍ക്ക് ഏറ്റുപിടിച്ചു. രാഹുല്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച മോഗ നടക്കാനിരിക്കെയാണ് പൊടുന്നനെ ഈ വിദേശയാത്ര. രാഹുല്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും ഈ റാലി. പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ഉള്‍പ്പാര്‍ട്ടി പോര് ഭീഷണിയിലാണ്. ആഗോള തലത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാഹുലിന്റെ ഈ യാത്രയും എതിരാളികള്‍ ആയുധമാക്കിയിട്ടുണ്ട്. വ്യക്തിപരമായ ആവശ്യത്തിനാണ് രാഹുല്‍ പോയതെന്നും ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യ അഭ്യൂഹങ്ങള്‍ പരത്തരുതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു.
ഇറ്റലിയിലെ മുത്തശ്ശിയെ കാണാന്‍ രാഹുല്‍ ഇടയ്ക്കിടെ പോകാറുണ്ട്. ഈ വര്‍ഷം നാലു വിദേശയാത്രകളിലായി 25 ദിവസ രാഹുല്‍ പുറത്തായിരുന്നു എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടു മുമ്പ് ഹ്രസ്വ സന്ദര്‍ശനത്തിനായി രാഹുല്‍ ലണ്ടനില്‍ പോയിരുന്നു. പൗരത്വ പ്രക്ഷോഭം കത്തി നില്‍ക്കുന്ന വേളയില്‍ രാഹുല്‍ സിങ്കപൂരില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ തായ്‌ലന്‍ഡില്‍ പോയതും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് യാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തുകയായിരുന്നു. നിര്‍ണായ സമയങ്ങളില്‍ രാഹുലിന്റെ വിദേശ യാത്രകള്‍ ബിജെപിക്ക് വിമര്‍ശിക്കാന്‍ മികച്ച അവസരമൊരുക്കാറുണ്ട്. കര്‍ഷക സമരം ശക്തിപ്രാപിച്ച വേളയില്‍ 2020 ഡിസംബറില്‍ രാഹുല്‍ ഇറ്റലിയിലേക്ക് പോയിരുന്നു. ഇതിനെതിരെ കര്‍ഷക നേതാവ് രാകേഷ് ടികായത്തും വിമര്‍ശനം ഉന്നയിച്ചിരുന്നു.
2015നും 2019നുമിടയില്‍ രാഹുല്‍ 247 തവണ വിദേശ യാത്രകള്‍ നടത്തിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഈ യാത്രകളെല്ലാം പ്രോട്ടോകോള്‍ പാലിക്കാതെയും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ അറിയിക്കാതെയും ആയിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.