ചെന്നൈ- തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ആപ്പിള്‍ ഉപകരണ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഉപകരണ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ കുരുക്കില്‍. ഫാക്ടറി ജീവനക്കാര്‍ താമസിക്കുന്ന ഡോര്‍മിറ്ററിയിലുണ്ടായ സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇത് ആപ്പിളിനേയും ഫോക്‌സ്‌കോണിനേയും വെട്ടിലാക്കി. ഈ സംഭവത്തോടെ ഫോക്‌സ്‌കോണിനെ ആപ്പിള്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഫാക്ടറി വീണ്ടും തുറക്കുന്നത് വൈകിയേക്കും.
ഫാക്ടറിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് മാനേജ്‌മെന്റില്‍ പുനര്‍ക്രമീകരണം നടത്തുമെന്ന് ഫോക്‌സ്‌കോണ്‍ അറിയിച്ചു. ഈ മാസം 250ഓളം വനിതാ ജീവനക്കാരാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ 159 പേരും അഡ്മിറ്റായിരുന്നു. ഇതോടെ കമ്പനി ഹോസ്റ്റലുകളില്‍ മോശം ജീവിത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.
ഫാക്ടറിക്കു പുറത്തുള്ള താമസസ്ഥലത്താണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കമ്പനിക്കു പുറത്തുള്ള താമസസ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ സുരക്ഷാ, ജീവിത നിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ഫോക്‌സ്‌കോണ്‍ പറയുന്നു. ഈ സംഭവങ്ങള്‍ക്ക് ഉത്തരവാദി ഫോക്‌സ്‌കോണ്‍ ആണെന്ന് ആപ്പിള്‍ വക്താവ് പ്രതികരിച്ചു. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെന്നും വ്യവസായ രംഗത്തെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും പതിവായി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ആപ്പിള്‍ അറിയിച്ചു. ഫാക്ടറി നിരീക്ഷിച്ചു വരികയാണെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ആപ്പിള്‍ വക്താവ് അറിയിച്ചു.
ഭക്ഷ്യവിഷബാധയില്‍ ഫോക്‌സ്‌കോണ്‍ ക്ഷമാപണംടത്തി. പ്രശ്‌നം പരിഹരിക്കാനും വിദൂര സ്ഥലങ്ങളില്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഉറപ്പാക്കാനും ഉടനടി നടപടികള്‍ സ്വീകരിച്ചതായും ഫോക്‌സ്‌കോണ്‍ അറിയിച്ചു. ഫാക്ടറിയില്‍ 17000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയിലേക്കും കയറ്റുമതി ആവശ്യത്തിനുമുള്ള ഐഫോണും മറ്റു ഉപകരണങ്ങളും ആണ് ഇവിടെ നിര്‍മിക്കുന്നത്.